എന്താണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യo

Loading...

sരോഗപ്രതിരോധനത്തിനും ചികിത്സക്കും എന്താണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ഊര്‍ജം ലഭിക്കുന്നതിനാണ് നമ്മള്‍ ദിവസവും ആഹാരം കഴിക്കുന്നത്. ആഹാരത്തിലെ പ്രധാന ഘടകങ്ങള്‍ അന്നജവും (Carbohydrate), മാംസാഹാരവും (Protein) കൊഴുപ്പുകളും (Fat) ആണ്. ഉദ്ദേശം 60-70 ശതമാനംവരെ നമ്മുടെ ആഹാരത്തിലെ അംശം അന്നജം ആണ്. ബാക്കിയുള്ളവ, ഏകദേശം 25 ശതമാനംവരെ കൊഴുപ്പും 10-15 ശതമാനംവരെ മാംസാംശവും ആണ്. ആഹാരത്തിലുള്ള അന്നജം ഉപയോഗിച്ച് ശരീരത്തില്‍ ഊര്‍ജം നിര്‍മിച്ച് ഉപയോഗിക്കുന്നതിന് (Insulin) ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇന്‍സുലിന്‍ ശരീരത്തിലെ പാന്‍ക്രിയാസ് (Pancreas) ഗ്രന്ഥിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുകയോ, ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയായവണ്ണം നടക്കാതിരിക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന രോഗമാണ് പ്രമേഹം. അതായത് ശരീരത്തില്‍ അന്നജത്തില്‍നിന്ന് ഉണ്ടാകുന്ന ഗ്ലൂക്കോസ് ഉപയോഗപ്പെടുത്തുന്നതിന് ഇന്‍സുലിന്റെ പ്രവര്‍ത്തനം ആവശ്യമാണ്. ഈ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍, രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടില്ല, അങ്ങനെ ഗ്ലൂക്കോസ് അളവ് കൂടുകയും പ്രമേഹം വരുകയും ചെയ്യുന്നു.

ടൈപ്പ് 1 പ്രമേഹം

ശരീരത്തിലെ ഇന്‍സുലിന്‍ ഉണ്ടാകുന്ന പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ (Beta Cell) നശിച്ചുപോകുന്നതുകൊണ്ടാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇങ്ങനെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുമ്പോള്‍ ഇന്‍സുലിന്‍ ഉണ്ടാക്കാനുള്ള കഴിവ് വളരെ കുറഞ്ഞുപോകും. ഉദ്ദേശം 20 തൊട്ടു 25 ശതമാനമായി ഇന്‍സുലിന്റെ അളവു കുറയുമ്പോള്‍, രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ ഓട്ടോ ഇമ്യൂണ്‍ ഡിസ്ട്രക്ഷന്‍ (Autoimmune destruction) ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിലുള്ള ഒരുതരം കോശങ്ങള്‍ ((Immunological Band T Cells) പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടാതെ ചെറുപ്പകാലത്തുവരുന്ന ചില വൈറസ് (Virus) അണുബാധയും ചിലപ്പോള്‍ ഇങ്ങനെയുള്ള കേടുവരുത്തും. ഇങ്ങനെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വളരെ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെയാണ് ടൈപ്പ് 1 പ്രമേഹം എന്നുപറയുന്നത്. ഇതു സാധാരണയായി കുട്ടികളിലും, 20 വയസ്സിനു താഴെയുള്ളവരിലും ആണ് വരുന്നത്. ഇവര്‍ക്ക് ദാഹവും ക്ഷീണവും അനുഭവപ്പെടുകയും, ചികിത്സ ഉടനെ തുടങ്ങിയില്ലെങ്കില്‍, രക്തത്തിലും മൂത്രത്തിലും അസെറ്റോണ്‍ (Acetone) എന്ന ലവണം വരികയും ചെയ്യും. ഇതിനെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയും. ടൈപ്പ് 1 പ്രമേഹത്തിന്റെ ചികിത്സക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് അത്യാവശ്യമാണ്. ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്പ് വേണ്ടിവരും. ഇവര്‍ക്ക് സാധാരണയായി വണ്ണം (Weight) കുറവായിരിക്കും. ഇത് പാരമ്പര്യമായി വരുന്ന രോഗമല്ല. നമ്മുടെ നാട്ടില്‍ ടൈപ്പ് 1 പ്രമേഹം വളരെ കുറവാണെന്നുള്ളതാണ് ആശ്വാസം.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹമാണ് സാധാരണയായി നമ്മുടെ ആളുകളില്‍ കാണുന്നത്. പ്രമേഹം ഉള്ളവരില്‍ 90 ശതമാനംവരെ ടൈപ്പ് 2 പ്രമേഹികളാണ്. ഇതു സാധാരണയായി 30 വയസ്സിനു മുകളില്‍ ഉള്ളവരിലാണ് കാണുന്നത്. എന്നാല്‍ ഈയിടയില്‍ ഇതു കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഇതു ശരീരത്തിലെ ഇന്‍സുലിന്‍ നല്ലവണ്ണം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ്. ഇതിനെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കുറയ്ക്കല്‍ Insulin Resistance) എന്നുപറയും. കൂടാതെ ഇവരുടെ ഇന്‍സുലിന്‍ ഉണ്ടാക്കാനുള്ള കഴിവും, കാലക്രമേണ കുറഞ്ഞുവരികയും, രോഗലക്ഷണങ്ങള്‍ പതുക്കെ വരുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാക്കുന്നത്, ഇന്‍സുലിന്‍ നല്ലവണ്ണം പ്രവര്‍ത്തിക്കാത്തതുകൊണ്ടും ഇന്‍സുലിന്‍ ആവശ്യത്തിനു ഉണ്ടാകാത്തതുകൊണ്ടുമാണ്. അതുകൊണ്ട് ഈ രണ്ടു കാരണങ്ങളും ചികിത്സിക്കണം. ടൈപ്പ് 2 പ്രമേഹം സാധാരണയായി പാരമ്പര്യമായി വരുന്നതാണ്.

ടൈപ്പ് 3 പ്രമേഹം

ടൈപ്പ് ഒന്നും, രണ്ടും പ്രമേഹം കൂടാതെ വളരെ ഒരു ചെറിയ ശതമാനം പ്രമേഹം ഉണ്ടാകുന്നത് മറ്റുപല ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കൂടിയതുകൊണ്ടോ, ദുരുപയോഗംകൊണ്ടോ ആയിരിക്കും. ഇവയെല്ലാംകൂടെ ഒരുമിച്ച് ടൈപ്പ് 3 കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം പാന്‍ക്രിയാസ് ഗ്രന്ഥിക്കു വരുന്ന കേടുകള്‍കൊണ്ടുള്ള കോര്‍ട്ടിസോണ്‍ മുതലായ ഹോര്‍മോണ്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുന്നതുകൊണ്ടോ, അമിതമായി മറ്റു രോഗചികിത്സക്കു മരുന്നു കഴിക്കുന്നതുകൊണ്ടോ ആയിരിക്കാം.

പാന്‍ക്രിയാസ് ഗ്രന്ഥിക്കു വരുന്ന ക്രോണിക് പാന്‍ക്രിയാറ്റിറ്റിസ് എന്ന രോഗം കാലക്രമേണ പാന്‍ക്രിയാസ് ഗ്രന്ഥിക്കു കേടുവരുകയും അതിലെ ബീറ്റാസെല്ലിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും. ഇങ്ങനെ വരുന്ന പ്രമേഹത്തെ പാന്‍ക്രിയാറ്റിക്ക് ഡയബറ്റീസ് എന്നു പറയും. ഇങ്ങനെയുള്ള രോഗികള്‍ക്ക് ചിലപ്പോള്‍ പാന്‍ക്രിയാസില്‍ കല്ലുകള്‍ വരികയും അമിതമായ വയറുവേദന അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ പാന്‍ക്രിയാസില്‍ കേടുവന്ന്, കല്ലുകള്‍ ഉണ്ടായി, പിന്നെ പ്രമേഹം വരുന്ന അസുഖമാണിത്.

മറ്റു ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന പല മരുന്നുകള്‍കൊണ്ടും പ്രമേഹരോഗം വരാന്‍ സാധ്യതയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായ മരുന്ന് കോര്‍ട്ടിസോണ്‍ (Cortisone) ആണ്. ഈ മരുന്ന് ആസ്ത്മാരോഗികളും വാതരോഗികളും ത്വക്ക് രോഗികളും കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് അവര്‍ക്ക് വരാന്‍ സാധ്യതയുണ്ട്. കൂടാതെ ഡൈയുറിറ്റിക്ക് ഉപയോഗംകൊണ്ടും, പലതരം മാനസികരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍കൊണ്ടും പ്രമേഹരോഗം വരാന്‍ സാധ്യതയുണ്ട്. ഈ മരുന്നുകള്‍ ആവശ്യത്തിനു മാത്രം ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിച്ചാല്‍ പ്രമേഹം വരുന്നത് കുറയ്ക്കാം.

ടൈപ്പ് 4 –

പ്രസവകാല പ്രമേഹം അവസാനതരം പ്രമേഹമാണ് ഗര്‍ഭകാലത്തു മാത്രം കാണുന്ന ജെസ്റ്റേഷണല്‍ പ്രമേഹം. ഈ പ്രമേഹം പ്രസവകാലത്ത് ആദ്യമായി കാണുകയും പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം പൂര്‍ണമായും മാറുകയും ചെയ്യുന്നതാണ്. പക്ഷെ ഇങ്ങനെ ഗര്‍ഭകാലത്തു മാത്രം വരുന്ന പ്രമേഹം രോഗികളില്‍ പലരും ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം ഉള്ളവരായി കാണുന്നു. അതുകൊണ്ട് ഗര്‍ഭകാലത്ത് പ്രമേഹം ഉള്ളവര്‍ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജീവിതശൈലിയില്‍ വരുത്തേണ്ടതാണ്. ഗര്‍ഭകാലത്തു വരുന്ന പ്രമേഹം ആഹാരവും വ്യായാമവുംകൊണ്ട് നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍, ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടിവരും.

രോഗലക്ഷണങ്ങള്‍

ഓരോ പ്രമേഹത്തിനും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. പ്രമേഹം ഏതു ടൈപ്പാണ് എന്നതിനനുസരിച്ചും ലക്ഷണങ്ങളും: ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അമിതമായ ദാഹം, ക്ഷീണം, കൂടുതല്‍ മൂത്രം ഒഴിക്കല്‍, ശരീരം മോശമാകുകയും തൂക്കം കുറയുകയും ചെയ്യും. ആഹാരം നല്ലവണ്ണം കഴിച്ചിട്ടും ശരീരം മെലിയുകയാണെങ്കില്‍, പരിശോധന നടത്തേണ്ടതാണ്.

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ കാണില്ല. ചെറിയ ക്ഷീണം, ശരീരത്തിലെ അണുബാധ, പ്രത്യേകിച്ചും ലൈംഗികഭാഗത്തുള്ള ഫംഗസ്ബാധ എന്നിവ ഉള്ളപ്പോള്‍ പ്രമേഹം കണ്ടുപിടിക്കാനുള്ള രക്തം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും കാര്യമായ, രോഗലക്ഷണങ്ങള്‍ കാണില്ല, ഒരു മെഡിക്കല്‍ചെക്കപ്പിനു പോകുമ്പോഴാണ് കണ്ടുപിടിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം