ഓസ്ട്രേലിയ ലോക ചാമ്പ്യന്‍മാര്‍

ddമെല്‍ബണ്‍: അലന്‍ ബോര്‍ഡര്‍ മുതല്‍ മൈക്കിള്‍ ക്ളാര്‍ക്ക് വരെ… മെല്‍ബണില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം തവണയും മുത്തമിട്ടു. ആദ്യം ന്യൂസിലന്‍ഡിനെ 183 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഓസീസ് 33.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലോക കിരീടം സ്വന്തമാക്കി. മഞ്ഞക്കുപ്പായത്തില്‍ അവസാന മത്സരം കളിച്ച നായകന്‍ മൈക്കിള്‍ ക്ളാര്‍ക്ക് 73 റണ്‍സോടെ വിടവാങ്ങലും അവിസ്മരണീയമാക്കി. സ്റീവ് സ്മിത്ത് 56 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 45 റണ്‍സ് നേടി മികച്ച തുടക്കവും നല്കി. സ്കോര്‍ രണ്ടില്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ച് (0) പുറത്തായതു മാത്രമാണു കിവീസിന് പ്രതീക്ഷ നല്കിയത്. 33-ാം ഓവറിലെ ആദ്യ പന്തില്‍ മാറ്റ് ഹെന്‍ട്രിയെ ബൌണ്ടറിയിലേക്കു പായിച്ച സ്റീവ് സ്മിത്താണ് ഓസീസിനു വിജയറണ്‍ സമ്മാനിച്ചത്. ഉറ്റ സുഹൃത്തായിരുന്ന ഫിലിപ്് ഹ്യൂസിന്റെ പേരു പതിച്ച ബാന്‍ഡ് കൈയില്‍ ധരിച്ചു ബാറ്റു ചെയ്ത ക്ളാര്‍ക്ക് 72 പന്തു നേരിട്ടാണ് 74 റണ്‍സ് നേടിയത്. 10 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ക്ളാര്‍ക്കിന്റെ അവസാന ഏകദിന ഇന്നിംഗ്സ്. അലന്‍ ബോര്‍ഡര്‍, സ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവര്‍ക്കു ശേഷം ലോകകിരീടം ഉയര്‍ത്തുന്ന ഓസീസ് നായകനാണു ക്ളാര്‍ക്ക്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 83 റണ്‍സ് പൊരുതി നേടിയ ഗ്രാന്റ് എലിയട്ടാണു ന്യൂസിലന്‍ഡിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. റോസ് ടെയ്ലര്‍ 40 റണ്‍സ് നേടി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലത്തെ സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പു നഷ്ടപ്പെട്ട് തുടങ്ങിയ കിവീസിനു പിന്നീട് ഒരിക്കലും മത്സരത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (15), കെയ്ന്‍ വില്യംസണ്‍ (12) എന്നിവര്‍ കൂടി മടങ്ങിയതോടെ കിവീസ് 39/3 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ ടെയ്ലര്‍-എലിയട്ട് സഖ്യം ഒന്നിച്ചപ്പോള്‍ മാത്രമാണു കിവീസ് ഫൈനലാണു കളിക്കുന്നതെന്നു തോന്നിയത്. ഇരുവരും ചേര്‍ന്നു 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗ് പവര്‍ പ്ളേയുടെ ആദ്യ ഓവറില്‍ ടെയ്ലറിനെയും പിന്നാലെ വന്ന കോറി ആന്‍ഡേഴ്സണെയും വീഴ്ത്തി ജയിംസ് ഫോക്നര്‍ ഓസീസിനു ബ്രേക്ത്രൂ നല്കി. ലൂക്ക് റോഞ്ചി കൂടി പൂജ്യത്തിനു പുറത്തായതോടെ കിവീസ് 151/6 എന്ന നിലയിലായി. ഒരറ്റത്തു വിക്കറ്റുകള്‍ വീണപ്പോഴും പൊരുതി നിന്ന എലിയട്ട് എട്ടാമനായി പുറത്തായതോടെ കിവീസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. 82 പന്തില്‍ ഏഴു ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു എലിയട്ടിന്റെ ഇന്നിംഗ്സ്. അശ്രദ്ധമായി ക്രീസിനു പുറത്തു നിന്ന ടിം സൌത്തിയെ മാക്സ്വെല്‍ നേരിട്ടുള്ള ഏറില്‍ റണ്‍ഔട്ടാക്കിയതോടെ കിവീസ് ഇന്നിംഗ്സ് അവസാനിച്ചു. മൂന്നു വീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ ജോണ്‍സണ്‍, ജയിംസ് ഫോക്നര്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മിച്ചല്‍ സ്റാര്‍ക്ക് രണ്ടു വിക്കറ്റ് നേടി. കിവീസ് നിരയില്‍ നാലു ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിനു പുറത്തായി. ഫോക്നര്‍ മാന്‍ ഓഫ് ദ മാച്ചായി. കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഇവിടെ ക്ളിക്ക് ചെയ്യുക…

ചന്ദ്രബോസ് വധക്കേസില്‍ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കില്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം