നഗരമധ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; യുവാവ് പൊലീസ് പിടിയിൽ

കൊച്ചി: നഗരമധ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ വട്ടപ്പള്ളി സക്കറിയാ ബസാറില്‍ നവറോജി പുരയിടത്തില്‍ സുമയ്യ(27) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പുന്നപ്ര ചെന്നോട്ട് വടക്കേതില്‍ സജീറിനെ (32) പാലാരിവട്ടം പോലീസ് സംഭവം നടന്ന ഉടനെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്.എന്‍.ഡി.പി. ഓഡിറ്റോറിയത്തിനു സമീപമാണ് സംഭവം. കുറച്ചുനാളുകളായി സുമയ്യയും സജീറും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളതിനാല്‍ സുമയ്യ എറണാകുളത്തും സജീര്‍ ആലപ്പുഴയിലുമാണ് താമസിച്ചിരുന്നത്.

വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രശ്‌നത്തില്‍ അനുരഞ്ജന ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു സജീര്‍. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാലാരിവട്ടത്ത് ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തു വരികയായിരുന്നു സുമയ്യ. രണ്ടുദിവസം മുമ്പാണ് ഇവിടെ ജോലിക്ക് പ്രവേശിച്ചത്.

ബുധനാഴ്ച എറണാകുളത്തെത്തിയ സജീര്‍ സുമയ്യയുമായി സംഭവസ്ഥലത്ത് ഏറെനേരം സംസാരിച്ചു നിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നിലവിളികേട്ട് ഓടിയെത്തിയവരാണ് സുമയ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.

സജീര്‍സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സജീറിനെ സംഭവസ്ഥലത്തിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിനു സമീപത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു. വയറിലേറ്റ ആഴത്തിലുള്ള മുറിവാണ് സുമയ്യയുടെ മരണത്തിന് കാരണമായത്. ഇവര്‍ക്ക് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.

കുട്ടികള്‍ സജീറിനൊപ്പമാണ് കഴിയുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം