വനിതാ സംരംഭകര്‍ക്ക് പുത്തന്‍പ്രതീക്ഷ; വി മിഷന്‍ കേരള

We mission kerala-Samsthana thala Udgadanam Minister PK Kunjalikkuttyമലപ്പുറം: വ്യവസായ സംരംഭക മേഖലകളില്‍ കൂടുതല്‍ പ്രാതിനിധ്യവും പരിശീലനവും നല്‍കി അന്താരാഷ്ട്ര നിലാവാരത്തിലുള്ള വനിതാ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ  വ്യവസായ വകുപ്പ്‌ വി മിഷന്‍ കേരള പദ്ധതിക്ക് തുടക്കമിട്ടു. വനിതാ സംരംഭകരെ വ്യവസായിക മേഖലയില്‍ ശക്തിപ്പെടുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പിന്തുണയ്‌ക്കുന്നതിനുമായി  തയ്യാറാക്കിയ വ്യവസായ വകുപ്പിന്റെ പുതിയ പദ്ധതിയായ വി-മിഷന്‍ കേരളയുടെ സംസ്ഥാനതല ഉദ്‌ഘാടനം മലപ്പുറത്ത് ഐടി വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി.

ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണെങ്കില്‍ അക്കാദമിക്‌ രംഗത്തെന്ന പോലെ സംരഭക മേഖലയിലും അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്ക്‌ വനിതകളെ ഉയര്‍ത്താന്‍ കഴിയുമെന്ന്‌ മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായിക രംഗത്ത്‌ രാജ്യത്ത്‌ ഏറ്റവുമധികം വളര്‍ച്ചാ നിരക്കുള്ളത്‌ നമ്മുടെ സംസ്ഥാനത്താണ്‌. യുവാക്കളുടെയും വനിതകളുടെയും മുന്നേറ്റം വ്യവസായ മേഖലയിലുണ്ടെന്നും അതിനാല്‍ നയപരമായ വ്യതിയാനങ്ങള്‍ വരുത്തി വ്യവസായ മേഖലയെ കൂടുതല്‍ മികച്ചതാക്കുമെന്നും മന്ത്രി പറഞ്ഞു.

she taxi

ഉദ്ഘാടനത്തിന് ശേഷം നടന്ന മാര്‍ഗ നിര്‍ദേശക കൂട്ടായ്‌മയില്‍ സംരംഭകത്വത്തില്‍ തത്‌പരരായ 250 ഓളം വനിതകള്‍ പങ്കെടുത്തു. കൂട്ടായ്‌മയില്‍ ജില്ലയിലെ മികച്ച വനിതാ സംരംഭകര്‍ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവെച്ചു.

സംസ്ഥാന വ്യവസായ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ്‌ സ്‌ത്രീ സംരംഭകത്വ പ്രോത്സാഹനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വി-മിഷന്‍ പദ്ധതി നടപ്പാക്കുന്നത്‌. കാര്‍ഷിക – വ്യാവസായിക മേഖലകളിലുള്ള വനിതകളുടെ കുറവ്‌ പരിഹരിക്കുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. കുടുംബശ്രീ പോലുള്ള സ്‌ത്രീ കൂട്ടായ്‌മകളിലൂടെയും സ്വന്തമായും ചെറുകിട സംരംഭങ്ങളിലും കുടില്‍ വ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുന്ന വനിതാ സംരംഭകരെ അന്താരാഷ്‌ട്ര സംരംഭകരായി മാറ്റിയെടുക്കുക എന്നതാണ്‌ വി-മിഷന്‍ കേരളയുടെ ലക്ഷ്യമാക്കുന്നത്‌.

വ്യവസായ മേഖലയിലേയ്‌ക്ക്‌ നവാഗതരായ വനിതകളെ ആകര്‍ഷിക്കുക എന്നതിനേക്കാള്‍ ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പിന്തുണ നല്‍കുക എന്നതിനാണ്‌ വി-മിഷന്‍ കേരള ഊന്നല്‍ നല്‍കുന്നത്‌. ഇതിനായി വനിതാ സംരംഭകര്‍ക്കായി വ്യവസായ വികസന വകുപ്പ്‌ എല്ലാ ജില്ലകളിലും മാര്‍ഗനിര്‍ദേശക കൂട്ടായ്‌മകള്‍ നടത്തും.

ഇത്തരം കൂട്ടായ്‌മകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ്‌ വനിതാ കൂട്ടായ്‌മകളില്‍ നിന്നുള്ളവര്‍, സ്വതന്ത്രരായി വ്യവസായ മേഖലയില്‍ പ്രര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. ഇതിലൂടെ ജനിക്കുന്ന ആശയങ്ങള്‍ നടപ്പിലാക്കാനായി സാമ്പത്തിക സഹായവും മറ്റ്‌ പിന്തുണയും വ്യവസായ വികസന വകുപ്പ്‌ നല്‍കും.


വനിതാ സംരഭകര്‍ക്കായി തുടര്‍ച്ചയായുള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക, വിജയകരമായ യൂണിറ്റുകള്‍ സന്ദര്‍ശിക്കാനുള്ള അവസരം, എളുപ്പത്തില്‍ സാമ്പത്തികാനുകൂല്യം ലഭ്യമാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിപണനം സാധ്യമാക്കുക എന്നിങ്ങനെയുള്ള അഞ്ച്‌ നിര്‍ദേശക പിന്തുണകള്‍ അടിസ്ഥാനമാക്കിയാണ്‌ വി-മിഷന്‍ കേരള പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം