കണ്ണൂരില്‍ വീണ്ടും കൊലപാതകം; നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് സൂചന

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനം ഏറെ അകലെയെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകം മാത്രമല്ല കണ്ണൂരിന്‍റെ സമാധാനം കെടുത്തുന്നത് എന്നതിന് തെളിവാണ് മാനസിക രോഗിയായ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. അടുത്തിടെ ബി.ജെ.പി പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് ഈ സംഭവം. വയനാട് സ്വദേശി ബക്കളം ഖാദര്‍ ആണ് ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മൃതദേഹം കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. മര്‍ദനമേറ്റ നിലയില്‍ ഇയാള്‍ റോഡരികില്‍ കിടക്കുന്ന വിവരം നാട്ടുകാരണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ മോഷ്ടാവാണെന്നും മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

 റോഡരികില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍ രാത്രി തകര്‍ക്കുന്നത് ഇയാളുടെ പതിവാണെന്നും പറയുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. നേരത്തെ നിരവധി കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായി വിവരമുണ്ട്. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തളിപ്പറമ്പ്, പഴയങ്ങാടി, വളപട്ടണം, കണ്ണപുരം പൊലീസ് സ്റ്റേഷനുകളില്‍ ഖാദറിനെതിരെ നേരത്തെ കേസുകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം