കൊല്ലത്ത് മരിച്ച യുവ കൗണ്‍സിലറുടെ പേരുപറഞ്ഞ് അമ്മയുടെ വോട്ടഭ്യര്‍ഥന; ബി.ജെ.പി വിവാദത്തില്‍

കൊല്ലം: വാര്‍ഡ് കൗണ്‍സിലറായിരുന്ന കോകില എസ് കുമാറിന്റെ മരണം വോട്ടാക്കി സ്വന്തം അമ്മയുടെ വോട്ടുപിടിത്തം.കൊല്ലം കോര്‍പറേഷനിലെ തേവള്ളി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മരണപ്പെട്ട കൗണ്‍സിലര്‍ കോകിലയുടെ പേരിലാണ് അമ്മ ബി ഷൈലജയ്ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി നോട്ടീസ്. അമ്മയ്ക്കായി മരണപ്പെട്ട മകള്‍ വോട്ടര്‍ഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ള നോട്ടീസാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.

‘ഞാന്‍ കോകില എസ് കുമാര്‍, ഈശ്വരകൃപയാല്‍ നിങ്ങള്‍ക്കേവര്‍ക്കും സുഖം തന്നെയെന്നു കരുതുന്നു, എന്നെ സ്‌നേഹിച്ച നിങ്ങളുടെ സന്തോഷമാണ് എന്നു എനിക്കിഷ്ടം’ എന്നിങ്ങനെയാണ് അഭ്യര്‍ത്ഥനതുടങ്ങുന്നത്. തുടര്‍ന്ന്, നിങ്ങളെ സേവിക്കാന്‍ നല്‍കിയ അവസരം പൂര്‍ത്തീകരിക്കാന്‍ കാലം എന്നെ അനുവദിച്ചില്ലെന്നു പറയുന്ന ‘മരണപ്പെട്ട കോകില’, എന്റെ വേര്‍പാടില്‍ കഴിഞ്ഞ പൊന്നോണ നാളില്‍ വിതുമ്പലോടെ എന്റെ നാട് എന്നെ യാത്രയാക്കിയപ്പോഴും നിങ്ങളെ പിരിയാന്‍ എനിക്കാകില്ല എന്ന സത്യം താന്‍ തിരിച്ചറിഞ്ഞതായും പറയുന്നു.

തുടര്‍ന്നാണ് ഇല്ലാത്ത കോകിലയിലൂടെ ബിജെപിക്കാര്‍ വിഷയത്തിലേക്കു വരുന്നത്. ‘ഞാന്‍ ഒരു കാര്യം മാത്രം നിങ്ങളോടു ചോദിക്കുകയാണ്. നേരിട്ടുവന്നു ചോദിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പ്രിയമുള്ളവരെ, അഞ്ചുവര്‍ഷത്തേക്കു നിങ്ങള്‍ എനിക്കു നല്‍കിയ അംഗീകാരം പിന്തുടരാന്‍ അച്ഛനും ഞാനും വേര്‍പ്പെട്ട വിതുമ്പലോടെ തേവള്ളിയില്‍ ജനവിധി തേടുന്ന എന്റെ പ്രിയമാതാവ് ബി ഷൈലജയെ അനുഗ്രഹിച്ചു വിജയിപ്പിക്കണമെന്നു ഞാന്‍ അപേക്ഷിക്കുകയാണ്’ എന്നാണ് ബിജെപിയുടെ അഭ്യര്‍ത്ഥന. ഇനിയൊരിക്കലും മറ്റൊരു ആഗ്രഹവുമായി ഞാന്‍ നിങ്ങളുടെ മുന്നിലേക്കു വരില്ലെന്നു പറഞ്ഞാണ് ‘കോകില’ അഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത്.

അതേസമയം, മരണപ്പെട്ട കോകിലയുടെ പേരില്‍ സഹതാപ വോട്ടുപിടിച്ചു ജയിക്കാനുള്ള ബിജെപിയുടെ കുതന്ത്രമാണ് ഇവിടെ തെളിയുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.ആകെ നാലു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോകിലയുടെ അമ്മയെ തന്നെ കളത്തിലിറക്കിയാല്‍ സഹതാപ വോട്ടുകൊണ്ടു ജയിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും പറയപ്പെടുന്നു.

ഇന്നാണ് കോര്‍പറേഷനിലെ തേവള്ളി ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14നു കൊല്ലം കാവനാട് ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിലാണ് വാര്‍ഡ് കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ മരണപ്പെട്ടത് ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോകിലയോടൊപ്പം അച്ഛന്‍ സുനില്‍കുമാറും മരണപ്പെട്ടിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം