പിണറായി, ഇരട്ടച്ചങ്കുള്ള ചിരിക്കാനറിയാവുന്ന വിപ്ലവ നായകനെന്ന്‍ വിടി ബല്‍റാം

VT-Balram.കൊച്ചി: നിരവധി രാഷ്ട്രീയ കൊലകളുടെ സൂത്രധാരത്വവും, ആസൂത്രിത അഴിമതികളും അടക്കമുളള പിണറായി വിജയന്റെ ഭൂതകാലം എന്തിന് നാം ഓര്‍ക്കണമെന്നും എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലേ…  സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനെ പരിഹസിച്ചും, നവകേരളയാത്രയെ വിമര്‍ശിച്ചും വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യ

56 ഇഞ്ച് നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിവുള്ള, ദേശഭക്തനായ വികാസ് പുരുഷന്‍ കടന്നുവരുന്നു. ചായക്കടയിലിരുന്ന് ചര്‍ച്ച നടത്തുന്നു. എല്ലാം നാടിന്റെ നന്മക്ക് വേണ്ടിയല്ലേ, ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോര്‍ക്കണം?

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം

ഇരട്ടച്ചങ്കുള്ള, കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിവുള്ള, ചിരിക്കാനറിയാവുന്ന വിപ്ലവനായകന്‍ കടന്നുവരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ആദ്യമായി ആശ്വസിപ്പിക്കുന്നു. എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലേ, നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോര്‍ക്കണം?

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി വലിയ പരിഹാസങ്ങളാണല്ലോ സൈബര്‍ സഖാക്കള്‍ ചൊരിയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തെ ആരില്‍ നിന്നാണ് രക്ഷിക്കാനുള്ളത് എന്നാണവരുടെ ചോദ്യം. ഫാഷിസത്തെ പുല്‍കാന്‍ വെമ്പുന്ന മട്ടില്‍ കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന ജാതി, മത വര്‍ഗ്ഗീയതയില്‍നിന്നും അസഹിഷ്ണുതയില്‍ നിന്നും ഭാവികേരളത്തിന്റെ എല്ലാ വികസന സാധ്യതകളേയും മുളയിലേ നുള്ളിക്കളയുന്ന സിപിഎമ്മിന്റെ വരട്ടുതത്ത്വവാദങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ മൂല്ല്യങ്ങള്‍ക്കും സമാശ്ലേഷിയായ വികസനകാഴ്ച്ചപ്പാടുകള്‍ക്കുമാണ് എന്നാണ് കേരളരക്ഷായാത്രയുടെ രാഷ്ട്രീയ സന്ദേശം.

എന്നാല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന യാത്രയുടെ പേര് നവകേരളയാത്ര എന്നാണെന്നത് കൗതുകകരമാണ്. കാരണം ഇതേ പേരില്‍ത്തന്നെയാണ് മുന്‍പൊരിക്കലും ഇദ്ദേഹം തന്നെ മാര്‍ച്ച് നടത്തിയത് എന്ന് നമുക്കോര്‍മ്മയുണ്ട്. അതിനുശേഷം അഞ്ച് വര്‍ഷം കേരളം ഭരിക്കാന്‍ അദ്ദേഹം സെക്രട്ടറിയായ പാര്‍ട്ടിക്ക് അവസരം ലഭിക്കുകയും ചെയ്തു.

അന്ന് എന്തുകൊണ്ട് ഈപ്പറയുന്ന നവകേരളം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോ അന്ന് സൃഷ്ടിച്ച് പൂര്‍ത്തീകരിച്ച നവകേരളത്തിന്റെ രണ്ടാം എപ്പിസോഡ് സൃഷ്ടിക്കാനുള്ള നവ നവ കേരളയാത്രയാണോ ഇത്തവണത്തേത് ! അങ്ങനെയാണെങ്കില്‍ ആദ്യത്തെ നവകേരളവും ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നവകേരളവും തമ്മിലുള്ള വ്യത്യാസമെന്താണ്? അന്നത്തേതില്‍ നിന്ന് ഏതെല്ലാം നയങ്ങളാണ് ഇന്ന് സിപിഎം വ്യത്യാസപ്പെടുത്തിയിരിക്കുന്നത്? അതിന്റെ കാരണങ്ങളെന്താണ്? കാഴ്ച്ചപ്പാടുകള്‍ മാറുന്നതിനിടയിലെ ഈ കാലതാമസം മൂലം നാടിന് നഷ്ടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കൂടി സിപിഎം ഏറ്റെടുക്കുമോ?

ഏതായാലും ഈ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച് പൂര്‍ത്തീകരണത്തിന്റെ വക്കിലെത്തിയിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണബോര്‍ഡുകളില്‍ അവതരിപ്പിക്കപ്പെടുന്നത് ആ പാര്‍ട്ടിയുടെ തികഞ്ഞ ഗതികേടിനെയാണ് സൂചിപ്പിക്കുന്നത് എന്നു പറഞ്ഞാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം