പിണറായി സര്‍ക്കാര്‍ ജനവഞ്ചനയുടെ പ്രതീകം: വി എം സുധീരന്‍

കോഴിക്കോട്: ജനദ്രോഹ മദ്യനയത്തിലൂടെ ജനവഞ്ചനയുടെ പ്രതീകമായി ഇടത് സര്‍ക്കാര്‍ മാറിയെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. മദ്യനയത്തില്‍ ഇടതുമുന്നണിയുടെ പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ പുലബന്ധമില്ല.
ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച് മദ്യലോബികള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാറെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി കുറച്ചതുള്‍പ്പെടെയുള്ള എല്‍ ഡി എഫിന്റെ ജനദ്രോഹകരമായ മദ്യനയത്തിനെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
 പഴയ മദ്യനയം ടൂറിസം മേഖലയെ തകര്‍ത്തുവെന്നായിരുന്നു എല്‍ ഡി എഫിന്റെ വിചിത്രവാദം. എന്നാല്‍ മദ്യം കുടിക്കാനല്ല, മറിച്ച് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനാണ് വിദേശികള്‍ ഇവിടെയെത്തുന്നത്.
വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞെന്നും ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്നുമുള്ള വാദഗതിയുയര്‍ത്തി ബാറുകളുടെ ദൂരപരിധി കുറച്ചതിനെ ന്യായീകരിക്കുന്ന സര്‍ക്കാറിന്റെ പ്രചാരണം കല്ലുവെച്ച നുണയാണ്. മദ്യനയത്തിനു ശേഷം ടൂറിസം മേഖലയില്‍ വളര്‍ച്ചയാണ് ഉണ്ടായത്. കേരളത്തിലെ പകര്‍ച്ചവ്യാധികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും ആക്രമികളെയുമാണ്  വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഭയപ്പെടുന്നത്.
കേരളം കണ്ട സംഘടിതമായ അഴിമതിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇത് ജനങ്ങളെ നാശത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യവര്‍ജ്ജനത്തിന്റെ പേര് പറഞ്ഞ് മദ്യവ്യാപനവും മദ്യമുതലാളിമാര്‍ക്കുള്ള ഒത്താശയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നും സര്‍ക്കാറിന്റെ തെറ്റായ ചെയ്തികള്‍ തിരുത്തുംവരെ ശക്തമായ പ്രക്ഷോഭം ഉരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
  ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറല്‍സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, അഡ്വ. കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, മുന്‍ മന്ത്രി എം.ടി.പത്മ, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി.അബു, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ.രാമചന്ദ്രന്‍, കെ.പി.ബാബു, യു.വി.ദിനേശ്മണി, വി.ടി.സുരേന്ദ്രന്‍, പി.സി.ഹബീബ് തമ്പി പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം