വിമാനക്കമ്പനികള്‍ ഊറ്റിക്കുടിക്കുന്നത് ഗൾഫ് മലയാളികളുടെ ചോരയും നീരും

Loading...

aroവിശേഷദിനങ്ങൾ കുടുംബാംഗങ്ങളൊടൊപ്പം കഴിയാൻ വല്ലപ്പോഴും മാത്രം ഭാഗ്യം സിദ്ധിക്കുന്നവർ ഈ നാളുകളിൽ വിമാനക്കമ്പനികൾ മുടങ്ങാതെ നടത്തിക്കൊണ്ടിരിക്കുന്ന പകൽക്കൊള്ള ഓർത്താണ് തലയിൽ കൈവയ്ക്കുന്നത്.പെരുന്നാളും ഓണവും ക്രിസ്‌മസും വിഷുവുമൊക്കെ അടുക്കുമ്പോൾ ഗൾഫിലെ പ്രവാസികൾക്ക് വേവലാതിയാണ്.

ഇത്തവണയും  പതിവുതെറ്റിയിട്ടില്ല. ഗൾഫ് നാടുകളിൽ ഇപ്പോൾ സ്കൂൾ അവധിക്കാലം കൂടിയാണ്. പെരുന്നാളും സ്കൂളടപ്പും ഒരേ സമയത്തായതോടെ സ്വദേശത്തേക്കുള്ള പ്രവാസികളുടെ ഒഴുക്കാണ്. ഇതുതന്നെ തരമെന്നുകണ്ട് സർക്കാർ ഉടമയിലും സ്വകാര്യ ഉടമയിലുമുള്ള സകല വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് വാനോളം ഉയർത്തിക്കഴിഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ യാത്രക്കാർക്ക് ആശ്വാസം നൽകേണ്ട എയർ ഇന്ത്യയും അതിന്റെ സഹോദരസ്ഥാപനമായ എയർ ഇന്ത്യാ എക്‌സ്‌പ്രസും യാത്രക്കാരുടെ  കഴുത്തറുക്കാനാണ്  നിൽക്കുന്നത്. റംസാൻ പെരുന്നാളിന് തൊട്ടുമുൻപുള്ള ഏതാനും ദിവസങ്ങളിൽ ലക്കുംലഗാനുമില്ലാത്ത നിലയിൽ ഏറ്റവും ഉയർന്ന നിരക്കുകളാണ് എല്ലാ വിമാനക്കമ്പനികളും ഈടാക്കുന്നത്.

വിമാനക്കമ്പനികൾ നടത്തുന്ന ഈ തീവെട്ടിക്കൊള്ള മുൻകാലങ്ങളിലും മറയില്ലാതെ നടന്നിരുന്നു. സഹികെട്ട പ്രവാസികൾ സംഘടിതമായി ഇതിനെതിരെ പ്രതിഷേധവുമായി വന്നപ്പോൾ, ഏകപക്ഷീയമായ ഈ നിരക്ക് വർദ്ധന നിയന്ത്രിക്കാൻ കേന്ദ്രവ്യോമയാന വകുപ്പുനടപടി എടുക്കുമെന്ന് വകുപ്പുമന്ത്രി ഉറപ്പ് പറഞ്ഞതാണ്. ഉത്സവ സീസണുകളിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കുകൾ അമിതതോതിൽ കൂട്ടാതിരിക്കാൻ വ്യോമയാന വകുപ്പിന് നിർദ്ദേശം നൽകിയ കാര്യം ഓർക്കുന്നു. എന്നാൽ പിന്നീട് ആ വഴിക്ക് ആലോചന ഒന്നുമുണ്ടായില്ല. പറഞ്ഞുപറ്റിക്കുക എന്ന സർക്കാർ ശൈലി ഈ വിഷയത്തിലും ആവർത്തിച്ചു.

ജൂലായ് 15ന് സൗദി അറേബ്യയിലെ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ നിരക്ക്  39,454 രൂപയാണ്. തൊട്ടടുത്തദിവസം സ്വകാര്യ ഉടമയിലുള്ള ജറ്റ് എയർവേസ് ഈടാക്കുന്നതാകട്ടെ 67,495 രൂപയും. ഗൾഫ് വിമാനക്കമ്പനിയായ എയർ അറേബ്യയിലെ നിരക്ക് ഇതിനെക്കാൾ അധികമാണ്.  71005 രൂപ. ഒറ്റവഴിക്കുള്ള യാത്രയ്ക്കാണ് ഈ നിരക്കെന്ന് ഓർക്കണം. ഇതുപോലെതന്നെയാണ് മറ്റു ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ മൂന്ന് എയർപോർട്ടുകളിലേക്കുള്ള നിരക്കുകൾ. സാധാരണ നിരക്കിന്റെ മൂന്നുംനാലും മടങ്ങ് പൊലിച്ചാലേ ഈ ദിവസങ്ങളിൽ നാട്ടിലെത്താൻ പറ്റൂ എന്നതാണ് സ്ഥിതി. സ്കൂൾ അവധി കഴിഞ്ഞുള്ള മടക്കയാത്രാവേളയിലും നിരക്ക് ഇതേപോലെ ഉയരും.
കഷ്ടപ്പെട്ട് ജോലി ചെയ്തു മിച്ചം പിടിക്കുന്ന തുച്ഛ സമ്പാദ്യം അപ്പാടെ നൽകിയാൽപ്പോലും ആഘോഷാവസരങ്ങളിൽ  സ്വദേശത്ത് എത്താൻ കഴിയാത്ത പ്രവാസികളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇന്നേവരെ ശ്രമമുണ്ടായിട്ടില്ല. എല്ലാവർഷവും കേന്ദ്ര സർക്കാർ പ്രവാസി സമ്മേളനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്.  സംസ്ഥാന സർക്കാരും സ്വന്തം നിലയിൽ പ്രവാസി സംഗമങ്ങൾക്ക് ആതിഥ്യമരുളാറുണ്ട്. വിമാനക്കൂലിയുടെ പേരിൽ പതിറ്റാണ്ടുകളായി നടന്നുവരുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് ഇത്തരം സമ്മേളനങ്ങളിൽ ഉയരാറുള്ള പരിദേവനങ്ങൾ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നതേയുള്ളൂ.  പ്രവാസികളുടെ ദുരിത ജീവിതം ചൂണ്ടിക്കാട്ടി മുതലക്കണ്ണീരൊഴുക്കാറുള്ള ഭരണാധികാരികൾ വിമാനക്കൂലിയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ചൂഷണത്തിനുനേരെ  മനഃപൂർവം കണ്ണടയ്ക്കുകയാണ്.

സർക്കാർ ഉടമയിലുള്ള എയർ ഇന്ത്യയും എയർ ഇന്ത്യാ എക്‌സ്‌പ്രസും പ്രവാസികൾക്ക് തുണയാകേണ്ടതാണ്. എന്നാൽ അവയും പുരകത്തുമ്പോൾ വാഴവെട്ടാൻ തന്നെയാണ് തുനിയാറുള്ളത്. യാത്രക്കാരുടെ ആധിക്യം നോക്കി നിരക്കുകൂട്ടുക എന്ന വിമാനക്കമ്പനികളുടെ പൊതുവായ കച്ചവട തന്ത്രം പൊതുമേഖലാ വിമാനക്കമ്പനികളും സ്വീകരിക്കുന്നതിന് ധാർമ്മികതയോ കച്ചവട മര്യാദയോ അവകാശപ്പെടാനാവില്ല. ഇത്തരം ഘട്ടങ്ങളിൽ അവരാണ് മാതൃക കാണിക്കേണ്ടവർ. യാത്രക്കാരുടെ തിരക്ക് കൂടുന്ന അവസരങ്ങളിൽ  കൂടുതൽ സർവീസുകൾ നടത്താൻ അവ മുന്നോട്ടുവരികയാണ് വേണ്ടത്. അങ്ങനെയായാൽ സ്വകാര്യ കമ്പനികൾ നടത്തുന്ന ചൂഷണം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ കഴിയും.  ഗൾഫ് വിമാനക്കമ്പനികളും നിയന്ത്രണം പാലിക്കാൻ നിർബന്ധിതരാകും. ഇതിന് പകരം മറ്റു കമ്പനികൾക്കൊപ്പം കൊള്ളയ്ക്ക് കൂട്ടുനിൽക്കാനാണ് എയർ ഇന്ത്യയും മുതിരുന്നത്.  മൂന്ന് ദശാബ്ദങ്ങളിലേറെയായി ഈ സ്ഥാപനം ഗൾഫ് മലയാളികളുടെ ചോരയും നീരും  ഊറ്റിക്കുടിച്ചാണ് വളർന്നത്.  പ്രവാസികൾ ഇത്രമേൽ വെറുക്കുന്ന ഒരു വിമാനക്കമ്പനിയും വേറെ കാണില്ല. അത്രമാത്രം യാത്രക്കാരിൽനിന്ന് ഈ വിമാനക്കമ്പനി അകന്നുകഴിഞ്ഞു.  യാത്രക്കാരുടെ നഷ്ടപ്പെട്ട സൗഹൃദം തിരിച്ചുപിടിക്കാനുള്ള കനകാവസരമാണ് ഉത്സവ സീസൺ.  നിരക്ക് അമിതമായി കൂട്ടാതെയും കൂടുതൽ സർവീസ് ഏർപ്പെടുത്തിയും പ്രവാസികളെ സഹായിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിയും. അതിനു വഴിയൊരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസികാര്യവകുപ്പുകൾ മുന്നിട്ടിറങ്ങണം.

 

Loading...