വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക്

veerendrakumarകോഴിക്കോട്: എംപി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ വിഭാഗം എല്‍ഡിഎഫിലേക്ക് മടങ്ങുന്നതായി ശക്തമായ സൂചനകള്‍. കോഴിക്കോട് ലോകസഭ സീറ്റിനെ ചൊല്ലി എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്നതിന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇപ്പോള്‍ എല്‍ഡിഎഫ് പക്ഷത്തുള്ള ജനതാദള്ളിന്റെ വടകരക്കാരായ നേതാക്കളാണ്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് തനിക്കുണ്ടായ പരാജയത്തെ തുടര്‍ന്ന്‍ വീരേന്ദ്രകുമാര്‍ അസംതൃപ്തനായിരുന്നു. പരാജയത്തിനു കാരണം കോണ്ഗ്രസ് ആണെന്ന ബാലകൃഷ്ണപ്പിള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ അസംതൃപ്തി അകല്‍ച്ചയായി മാറി. മറുഭാഗത്ത് സിപിഎം ആകട്ടെ എല്‍ഡിഎഫിലെ കക്ഷികള്‍ കൊഴിഞ്ഞുപോയതിനെ തുടര്‍ന്ന്‍ ബലാബലത്തില്‍ ആശങ്കയിലുമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജനതാദളിലെ ഒരു വിഭാഗം വിട്ടുപോയത് മലബാറിലെ ചില മേഖലകളിലും വടകര മേഖലയില്‍ വിശേഷിച്ചും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായിരുന്നു. വടകര ലോകസഭാ മണ്ഡലം രണ്ട് തവണയും ഏറാമല പോലുള്ള പഞ്ചായത്തുകളും എല്‍ഡിഎഫിനെ കൈവിട്ടു. ഇതോടൊപ്പം ആര്‍എംപി രൂപീകരണവും ടിപി വധവും എല്‍ഡിഎഫിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും, നിര്‍ണ്ണായകമായ നിയമസഭ തെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാന്‍ വീരേന്ദ്രകുമാറിന്റെ സാന്നിദ്ധ്യം ചില എല്‍ഡിഎഫ് നേതാക്കള്‍ ആഗ്രഹിച്ചത്.  വടകരയുടെ രാഷ്ട്രീയ പ്രാധാന്യത്തില്‍ ബോധ്യമുള്ള സിപിഎം നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് സമ്മതം മൂളി. യുഡിഎഫിനോടുള്ള വീരേന്ദ്രകുമാറിന്റെ അസംതൃപ്തിയും, ഭിന്നതയും ചര്‍ച്ചകളെ സജീവമാക്കി. കൂടാതെ ദേശീയ തലത്തില്‍ ജനതാഗ്രൂപ്പുകള്‍ ഒന്നിക്കുമ്പോള്‍ ഭാവിയില്‍ കേരളത്തിലെ രണ്ടു ജനതാദളുകളും ഒരു പാര്‍ട്ടിയായി മാറേണ്ടിവരുമെന്ന സാധ്യതയും ഉയര്‍ന്നുവന്നു.

ഈ നീക്കത്തോട് അനുകൂലമായാണ് പരോക്ഷമായെങ്കിലും കാര്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം നാദാപുരത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ വീടും തുടര്‍ന്ന്‍ തകര്‍ക്കപ്പെട്ട വീടുകളും സന്ദര്‍ശിക്കാനെത്തിയ  വീരേന്ദ്രകുമാര്‍ സിപിഎമ്മിനെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. മുന്പ് ഇത്തരം സാഹചര്യങ്ങളില്‍ സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ വീരേന്ദ്രകുമാര്‍ മടി കാട്ടിയിരുന്നില്ല. കൂടാതെ വിഷയത്തില്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ നിലപാടും സിപിഎമ്മിനെ വല്ലാതെ ആക്രമിക്കാത്ത രീതിയിലായിരുന്നു.

മറുഭാഗത്താകട്ടെ വീരേന്ദ്രകുമാറിനെ സമീപകാലങ്ങളില്‍ ഗൌനിക്കാതിരുന്ന സിപിഎം മുഖപത്രം ‘ദേശാഭിമാനി’ വീരേന്ദ്രകുമാറിന്റെ നാദാപുരം സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെ തന്നെ വാര്‍ത്തയാക്കിയിരുന്നു.  ചര്‍ച്ചകള്‍ സജീവമാകുമ്പോഴും ഇരുവിഭാഗവും കാത്തിരിക്കുന്നത് സിപിഎം സംസ്ഥാന സമ്മേളനത്തിനാണ്. സമ്മേളനത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവുക. വലിയ രാഷ്ട്രീയ ഭിന്നതക്കുപരി വീരേന്ദ്രകുമാറും പിണറായി വിജയനും തമ്മിലുള്ള ഭിന്നതയാണ് ജനതാദള്‍ എല്‍ഡിഎഫ് വിടാന്‍ കാരണം. പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതും ദള്ളിന്റെ തിരിച്ചുവരവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

എന്തായാലും അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോ, നിയമസഭ തെരഞ്ഞെടുപ്പോ ആകുമ്പോഴേക്ക് വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലെത്തിയിട്ടുണ്ടായിരിക്കുമെന്നാണ് എല്ലാ സൂചനകളും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം