വടകര സദയം സ്റ്റുഡിയോ എഡിറ്റര്‍ മോര്‍ഫ് ചെയ്തതില്‍ 12 വയസുകാരിയും; പിന്നില്‍ മറ്റ് ഗൂഡലക്ഷ്യങ്ങളെന്നു സംശയം

വടകര: വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ ഇന്ന്‍ വടകരയിലെത്തിക്കും. ഇടുക്കിയിലെ ബന്ധുവീട്ടില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വടകരയില്‍ എത്തിച്ചതിന് ശേഷം വിശദമായി ചോദ്യം ചയ്യുകായും തെളിവെടുപ്പ് നടത്തുകായും ചെയ്യും.

വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ശേഖരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ഇയാള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ പത്തിലധികം സ്ത്രീകളും അവരുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തെങ്കിലും സ്റ്റുഡിയോയിലെ ഫോട്ടോ എഡിറ്ററായിരുന്ന ബിബീഷ് ഒളിവില്‍ പോകുകയായിരുന്നു.

സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടു. എകദേശം 45,000 ത്തില്‍ അധികം സ്ത്രീകളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

വിവാഹ ഫോട്ടോയെടുക്കുന്ന തിരക്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ മൊബൈലിലും പകര്‍ത്തും. പ്രത്യേക ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിക്കും. സുന്ദരിമാരുടെ ചിത്രങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തും. നേരിട്ട് അറിയാവുന്നവരെ വിളിച്ചു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. ഒരേ കുടുംബത്തിലെ വ്യത്യസ്ത സ്ത്രീകള്‍ക്കു സമാന അനുഭവമുണ്ടായപ്പോഴാണു പോലീസില്‍ പരാതി നല്‍കിയത്.

കുട്ടികളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തതായി പരാതിയുണ്ട്. ഫോട്ടോയില്‍ നഗ്നദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നത്. നേരത്തെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനൊപ്പം മറ്റെന്തെങ്കിലും തരത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇയാള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നതും ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. സ്റ്റുഡിയോ ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റുഡിയോ റെയ്ഡ് ചെയ്ത പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മുഖ്യപ്രതിയെ പിടികൂടാത്തതുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇടുക്കിയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇന്നലെ രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം നടത്തവേയാണ് ഇയാള്‍ പിടിയിലായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം