വധശിക്ഷ; പുനപരിശോധനാ ഹര്‍ജികള്‍ ഇനി തുറന്ന കോടതിയില്‍

thookkukayarന്യൂഡല്‍ഹി: വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ പുനപരിശോധനാ ഹര്‍ജികള്‍ ഇനി മുതല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നു സുപ്രിംകോടതി ഉത്തരവ്. മൂന്നംഗ ബെഞ്ചിന്റെ മുന്നില്‍ ഹര്‍ജിക്കാരനു പുനപരിശോധന പരിഗണിക്കാന്‍ ആവശ്യപ്പെടാം. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റേതാണ് സുപ്രധാനവിധി. നിലവില്‍ വധശിക്ഷ വിധിക്കപ്പെട്ട കേസുകളില്‍ ദയാഹര്‍ജികള്‍ തള്ളിയാല്‍ പ്രതിക്കു തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാറില്ല. വധശിക്ഷക്കെതിരായ അപ്പീലുകള്‍ മൂന്നംഗ ബെഞ്ച് കേള്‍ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രിംകോടതിയുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചതിനു പിന്നാലെയാണു ശ്രദ്ധേയമായ വിധി. വധശിക്ഷയില്‍ പുനപരിശോധനാ ഹര്‍ജി തള്ളിയവര്‍ക്ക് ഒരു മാസത്തിനകം പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പുനപരിശോധനാ ഹര്‍ജി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ പ്രതിക്കു വീണ്ടും ഹര്‍ജി സമര്‍പ്പിക്കാം. എന്നാല്‍ ഒരു തവണ തുറന്ന കോടതിയില്‍ വാദംകേട്ടു തീര്‍പ്പാക്കുന്ന കേസുകളില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതി ഹര്‍ജി തള്ളിയാലുള്ള അടുത്ത പടിയാണു പുനപരിശോധനാ ഹര്‍ജി. അതും തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജി എന്നതാണു വ്യവസ്ഥ. പുനപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും ജഡ്ജിമാര്‍ തങ്ങളുടെ ചേംബറില്‍ പരിഗണിച്ചു തീര്‍പ്പാക്കുകയായിരുന്നു രീതി. ഇതിനാണ് പുതിയ വിധിയോടെ മാറ്റം വരുന്നത്. ബസിനു തീവച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ കേസില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകന്‍ മുനിയപ്പന്‍, ഒരു കുടുംബത്തിലെ ഏക മകനെ തട്ടിയെടുത്തു കൊലപ്പെടുത്തിയ കേസില്‍ സുന്ദര്‍രാജന്‍, ഒന്നിലധികം കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട കര്‍ണാടക സ്വദേശി ഉമേഷ്, 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയും ടൈഗര്‍ മേമന്റെ സഹോദരനുമായ യാക്കൂബ് മേമന്‍, ചത്തിസ്ഗഡില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സോനു സര്‍ദാര്‍, ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ആരിഫ് എന്നിങ്ങനെ വധശിക്ഷ സ്‌റ്റേ ചെയ്യപ്പെട്ടവര്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയത്.
പി.എന്‍ ഈശ്വര അയ്യരുടെ കേസിലെ വിധിയില്‍ (1980) പുനപരിശോധനാ ഹര്‍ജികളില്‍ പരസ്യ വാദം കേള്‍ക്കേണ്ടതില്ലെന്ന സുപ്രിംകോടതി ചട്ടം (1966) അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചിരുന്നു. എന്നാല്‍, വധശിക്ഷ പോലെ അപൂര്‍വ സ്വഭാവമുള്ള കേസുകളില്‍ പുനപരിശോധനാ ഹര്‍ജിയില്‍ പരസ്യവാദം അനുവദിക്കാവുന്നതാണെന്ന് ഈശ്വര അയ്യര്‍ കേസിലെ വിധിയിലും പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ എഴുതിയ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരായ ജെ.എസ് ഖേഹര്‍, എ.കെ സിക്രി, രോഹിങ്ടന്‍ നരിമാന്‍ എന്നിവര്‍ ഒരേ നിലപാടെടുത്തപ്പോള്‍, പരസ്യവാദം അനുവദിക്കാവുന്നതല്ലെന്നു ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പ്രത്യേക വിധിന്യായത്തില്‍ വ്യക്തമാക്കി. നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ പുനപരിശോധനാ ഹര്‍ജികള്‍ക്കും പുനപരിശോധനാ ഹര്‍ജി തള്ളിയെങ്കിലും ഇനിയും വധശിക്ഷ നടപ്പാക്കിയിട്ടില്ലാത്ത കേസുകള്‍ക്കും പുതിയ വിധി ബാധകമാണ്.
ശിക്ഷ നടപ്പാക്കിയിട്ടില്ലാത്ത കേസുകളില്‍ പുനപരിശോധനാ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഒരു മാസത്തിനകം അപേക്ഷിക്കാനാണു കോടതി നിര്‍ദ്ദേശം. എന്നാല്‍, തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയ കേസുകളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വധശിക്ഷാ കേസുകളില്‍ പുനപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് പരിഗണിക്കണമെന്ന മുനിയപ്പന്റെ അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം