ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി.വി.ബേബി; മരണം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് ചുമതല

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് ചുമതല. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണ ഉത്തരവിട്ടു. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി കോട്ടയം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി മുഖ്യമന്ത്രി തുടര്‍നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വന്ന ഫോണ്‍കോളിന് ശേഷമാണ് ഉഴവൂരിന്റെ നില വഷളായതും മരണത്തിന് കീഴടങ്ങിയതും എന്നാണ് പരാതി. ഈ ഫോണ്‍വിളികെളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.

ഉഴവൂരിനെ പാര്‍ട്ടിയില്‍ തന്നെയുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പാര്‍ട്ടിയില്‍ ആരോപണം ഉയരുന്നത്. അതിനാല്‍ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് എന്‍സിപി ജില്ലാകമ്മിറ്റി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. പരാതിയില്‍ പറയുന്ന സുള്‍ഫിക്കര്‍ മയൂരി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. സുള്‍ഫിക്കറിനെ ഈ സ്ഥാനത്തുനിന്നും നീക്കണമെന്നും എന്‍സിപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി.വി.ബേബി ചൂണ്ടിക്കാട്ടുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്‍സിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂര്‍ വിജയന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗഷാദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. വിജയനെ ഭീഷണിപ്പെടുത്താന്‍ കാരണം പാര്‍ട്ടിയിലെ പ്രശ്‌നമാണെന്ന് സുള്‍ഫിക്കര്‍ തന്നോട് സമ്മതിച്ചതായും നൗഷാദ് വെളിപ്പെടുത്തിയിരുന്നു.

സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ വിഷയം കൂടുതല്‍ ഗൗരവകരമായി. ‘അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല’ എന്നിങ്ങനെയായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ സംഭാഷണം. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്ന് സന്തതസഹചാരിയായിരുന്ന എന്‍സിപി നേതാവ് വെളിപ്പെടുത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം