‘ഐ ലവ് മൈ പൂജ ‘ ഉത്തരക്കടലാസുകളെ പ്രണയ ലേഖനങ്ങളും വിജയിപ്പിക്കാനുള്ള അപേക്ഷക്കത്തുകളുമാക്കി ഉത്തര്‍പ്രദേശിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിലെ പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷാപ്പേപ്പറുകള്‍ നോക്കിയ അധ്യാപകര്‍ കരളലിയിപ്പിക്കുന്ന സങ്കട കഥകള്‍ കണ്ട്  ഞെട്ടിയിരിക്കുകയാണ്. ഇത്തവണ ഉത്തര്‍പ്രദേശിലെ സ്കൂളില്‍ ഉത്തര പേപ്പറുകള്‍ക്ക്  പകരം ലഭിച്ചത് കണ്ണീരുപൊടിയുന്ന അപേക്ഷ കത്തുകളാണ്.

കൈക്കൂലിയെന്നോണം നൂറിന്‍റെ  നോട്ടുകളും ഉത്തരകടലാസ്സിനുള്ളില്‍ പലരും ഒളിപ്പിച്ചുവെച്ചിരുന്നു.

വീട്ടിലെ കഷ്ടപ്പാടും ദുരിതങ്ങളും എന്നുവേണ്ട,നഷ്ട  പ്രണയം വരെ ഉത്തരക്കടലാസുകളിലെ  നിവേദനങ്ങളായി .പ്രാരാബ്ധങ്ങള്‍കൊണ്ടും പ്രണയം നൈരാശ്യം  കാരണവും നന്നായി പഠിക്കാന്‍ സാധിച്ചില്ലെന്നും എങ്ങനെയെങ്കിലും പാസ്സാക്കി തരണമെന്നുമാണ് വിദ്യാര്‍ഥികളുടെ അപേക്ഷ.

 

‘സര്‍ ഹൈസ്‌ക്കൂള്‍ വരെ ഞാന്‍ നന്നായി പഠിച്ചിരുന്നു പക്ഷെ എന്റെ പ്രണയം എന്നെ പഠിപ്പില്‍നിന്ന് വ്യതിചലിപ്പിച്ചു’ എന്നാണ് ഒരു വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസില്‍ എഴുതിയിരിക്കുന്നത്. പ്രണയം ഒരു വിചിത്രമായ കാര്യമാണ്. അത് നിങ്ങളെ ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ല.

സര്‍, ഈ പ്രണയം എന്നെ പരീക്ഷയ്ക്ക് പഠിക്കാനും അനുവദിച്ചില്ല എന്നും വിദ്യാര്‍ഥി പേപ്പറില്‍ എഴുതിയിരുന്നു, ഐ ലവ് മൈ പൂജ എന്ന് വൃത്തിയുള്ള അക്ഷരങ്ങളില്‍ വലുതായെഴുതി അതിനടുത്ത് ലവ് ചിഹ്നവും അമ്പും വരച്ചുവെക്കാനും ഈ ‘കാമുകന്‍’ മടിച്ചില്ല.

‘ഗുരുജി, എന്റെ ഉത്തരങ്ങള്‍ നോക്കും മുമ്പ് എന്‍റെ  ആശംസ നിങ്ങള്‍ നോക്കണം. എന്നെ ദയവ് ചെയ്ത് വിജയിപ്പിക്കണം.’ നൂറിന്റെ നോട്ടുകള്‍ ഒളിപ്പിച്ച് വച്ച് ഒരു വിദ്യാര്‍ഥി കുറിച്ചു. ”ഓ, എന്റെ കത്തേ. നീ പറന്നു ചെന്ന് ടീച്ചറുടെ കൈയ്യിലെത്തണം. അദ്ദേഹം എന്നെ വിജയിപ്പിക്കുമോ എന്നത് അദ്ദേഹത്തിന്റെ കൈയ്യിലാണ്’എന്നാണ് മറ്റൊരാളുടെ അപേക്ഷ.

തനിക്ക് മാതാവ് ഇല്ലെന്നും പരീക്ഷയില്‍ തോറ്റാല്‍ പിതാവ് തന്നെ കൊല്ലുമെന്നും ഒരു വിദ്യാര്‍ത്ഥി എഴുതി വച്ചുഅച്ഛന്‍ മരിച്ചതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും അതിനാല്‍ പാസ്സാക്കണമെന്നുമാണ് മറ്റൊരു വിദ്യാര്‍ഥിയുടെ കത്തിന്‍റെ ഉളളടക്കം.

 

Loading...