മലയാളി ഭര്‍ത്താവിനെ തേടിയെത്തിയ ഉത്തര്‍പ്രദേശുകാരിയുടെ ദുരിതജീവിതം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കൊച്ചി: ഭര്‍ത്താവിനെ തേടി ഐരാപുരത്തെത്തിയ ഉത്തര്‍പ്രദേശുകാരി ജെബീന്‍ ഷേഖിന്റെയും മകന്റെയും ദുരിതജീവിതത്തില്‍ വനിതാ കമ്മീഷന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ഇടപെടല്‍. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഭര്‍ത്താവ് അനില്‍ കുരുവിളയെ കണ്ടെത്താനും അവരുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ സൗകര്യം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ മുന്നാഴ്ചക്കകം കമ്മീഷനെ അറിയിക്കണം. യുവതിക്കും മകനും വനിത കമ്മീഷനും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ജെബീന് ഷേഖിനെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനാദാസ് ആണ് കേസെടുത്ത് അടിയതിര നടപടികക്ക് നിര്‍ദേശം നല്‍കിയത്.

ഭര്‍ത്താവ് അനില്‍ കുരുവിളയുടെ വീടിന്റെ ടെറസില്‍ കഴിയുന്ന ജെബീന് ശേഖിനും മകന്‍ യോഹന്നാനും ഈ വീട്ടില്‍ കയറി താമസിക്കാന്‍ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് നേടിയെടുക്കാന്‍ വനിത സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ പണം അപഹരിച്ച ശേഷം വഞ്ചിച്ചതിന് അനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജെബിനും മകനും എത്തിയപ്പോള്‍ വീട് പൂട്ടി സ്ഥലം വിട്ട അനിലിന്റെ അച്ഛനമ്മമാരുടെ നടപടി മനുഷ്യത്വരഹിതമാണെന്നു കമ്മീഷന്‍ പറഞ്ഞു. പോലീസ് സ്വീകരിച്ച നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മീഷന്റെ ഷെല്‍ട്ടര്‍ ഹോമിലേക്കോ സാമൂഹിക നീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറിത്താമസിക്കുന്നതിന് കമ്മീഷന്‍ അവസരമൊരുക്കും. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസസൗകര്യം നല്‍കണമെന്നാണ് ജെബീന് നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം