കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്തെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പൊലീസ് നിഷ്‌ക്രിയരാണെന്ന് ഡിഎംകെ

വെബ് ഡെസ്ക്

മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്തെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. രാജാജി ഹാളിന് സമീപമാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനകത്തേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയിരുന്നു. പൊലീസിന് ഇവരെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.

അതേസമയം, പൊലീസ് നിഷ്‌ക്രിയരാണെന്ന് ഡിഎംകെ ആരോപിച്ചു. കലൈഞ്ജര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിന് മുന്നിലേക്ക് പുലര്‍ച്ചെ മുതല്‍തന്നെ പ്രവര്‍ത്തകരുടെ പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, കരുണാനിധിക്ക് മറീന ബീച്ചില്‍ അണ്ണാദുരൈ സ്മാരകത്തിനു സമീപം അന്ത്യവിശ്രമം അനുവദിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡിഎംകെയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഗാന്ധി സ്മാരകത്തിനു സമീപം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതിനിടെ, മറീന ബീച്ചിലെ അണ്ണാ സ്മാരകത്തിനു മുന്നില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്രസേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 10.30നാണ് മറീന ബീച്ചില്‍തന്നെ കലൈഞ്ജര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. പുലര്‍ച്ചെ ഒന്നേകാല്‍ വരെ വാദം നീണ്ടെങ്കിലും തീരുമാനമാകാതിരുന്നതോടെ ഹര്‍ജി ഇന്നുരാവിലേക്കു മാറ്റുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം