വടകരയിലെ ആശുപത്രികളെ പ്രതികൂട്ടിലാക്കുന്നതാര് ? പിന്നില്‍ മെഡിക്കല്‍ മാഫിയയോ ?

വടകര: ആകാശംമുട്ടേ ഉയരുന്ന ആതുരാലയങ്ങള്‍ അറവുശാലകളാവുമ്പോള്‍ രോഗികള്‍ ചെകുത്താനും കടലിനും നടുവിലാകുന്നു. അടുത്തിടെ വടകര നഗരത്തിലെ ആശുപത്രികളില്‍ നടക്കുന്ന ചികില്‍സാ പിഴവ്, അക്രമം, പ്രതിഷേധം എന്നിവയുടെ പശ്ചാത്തലത്തില്‍ ട്രൂവിഷന്‍ ന്യൂസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ആരോഗ്യ കച്ചവടം നടക്കുന്ന വടക്കേ മലബാറില്‍ ആരോഗ്യമേഖല നിയന്ത്രിക്കുന്നത് മെഡിക്കല്‍ മാഫിയകളുടെ  ഗുണ്ടാസംഘങ്ങള്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കോഴിക്കോട് നഗരം കേന്ദ്രീകരിച്ചാണ്. കോഴിക്കോട്ടെ മൂന്ന് പഞ്ചനക്ഷത്ര ആശുപത്രികള്‍ ഞങ്ങള്‍ നടത്തിയ വിവര ശേഖരണത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ചികില്‍സ നടത്തുന്നവര്‍ ഏറെയും വടകര-തലശ്ശേരി മേഖലയില്‍ നിന്നുള്ളവരാണ്.  മറ്റു സ്ഥലത്തുകാര്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ  അടിസ്ഥാനത്തില്‍ ചികില്‍സ തേടുമ്പോള്‍ വടകര, നാദാപുരം, കുറ്റ്യാടി, തലശ്ശേരി മേഖലകളില്‍ നിന്നെത്തുന്ന രോഗികളേറെയും പണമെറിഞ്ഞാണ് ആരോഗ്യം വീണ്ടെടുക്കുന്നത്. ഇത് തന്നെയാണ് ഈ മേഖലയോടുള്ള ആകര്‍ഷണതെയും. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആശുപത്രികളുമായി വിലപേശി ചികില്‍സാ ചിലവ് നിശ്ചയിക്കുമ്പോള്‍ പണം നല്‍കുന്ന സാധാരണക്കാര്‍ ആശുപത്രി അധികൃതര്‍ പറയുന്ന കാശാണ് നല്‍കുന്നത്. ഇത് കോടികളുടെ നികുതി വെട്ടിപ്പിനും  ആശുപത്രി മുതലാളിമാര്‍ക്ക് സഹായകമാണ്.

വടകര, കൊയിലാണ്ടി, തലശ്ശേരി താലൂക്കുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഇല്ലാത്തത് കോഴിക്കോട് നഗരത്തിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പഞ്ചനക്ഷത്ര ആശുപത്രികള്‍ക്ക് കൊയ്ത്താകുന്നു. വിവിധ പരിശോധനകളുടെ പേരിലും അനാവശ്യ ശസ്ത്രക്രിയകളുടെ പേരിലും മരുന്നു വില്‍ക്കുന്നതിലൂടെയുമാണ് ലക്ഷങ്ങള്‍ രോഗികളില്‍ നിന്നു ഊറ്റിയെടുക്കുന്നത്. വടകര, തലശ്ശേരി മേഖലകളിലെ ആശുപത്രികളില്‍ മികച്ച സംവിധാനങ്ങള്‍ നിലവില്‍ വരുന്നതും വടകരയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ആരംഭിച്ചതും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ മാഫിയകള്‍ക്ക് തലവേദന സ്ഷ്ട്രിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകള്‍ ഉള്‍പ്പെടെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, സിടി സ്‌കാനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നത് ചെറിയ രോഗങ്ങള്‍ക്കു പോലും കോഴിക്കോട്ടേക്കോടുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ട്.

വടകര സഹകരണാശുപത്രിക്കെതിരെ കഴിഞ്ഞ മൂന്നു വര്‍ഷമായി നടക്കുന്ന കുപ്രചരണങ്ങളും ചികില്‍സാ രംഗത്തെ ഏറെ മുന്നേറിയ ആശാ ആശുപത്രിക്കും പാരമ്പര്യവും അനുഭവ സമ്പത്തും കൈമുതലായുള്ള വടകര സീയം ആശുപത്രിക്കെതിരെയും അടുത്തിടെ വര്‍ധിച്ച പ്രതിഷേധങ്ങളുടെയും പിന്നാമ്പുറം അന്വേഷിച്ചപ്പോഴാണ് സാധാരണക്കാരായ രോഗികളെ തെറ്റിധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന മെഡിക്കല്‍ മാഫിയകളെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ട്രൂവിഷന്‍ ന്യൂസ് പുറത്തുവിടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം