അനധികൃത സ്വത്ത്‌; ടോം ജോസിനെതിരെ കേസെടുത്തു; റെയ്ഡ് തുടരുന്നു

tom-joseതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു.  തിരുവനന്തപുരത്തെ ജഗതിയിലെയും കൊച്ചി കലൂരിലെയും ഫ്‌ളാറ്റുകളാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. ഐ.എ.എസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റു കൂടിയാണ് ടോം ജോസ്.

ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. നേരത്തെ ചവറയിലെ കെ.എം.എം.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഗ്‌നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയാണ് മഗ്‌നീഷ്യം വാങ്ങിയതെന്നാണ് കണ്ടെത്തല്‍.അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇടെന്‍ഡര്‍ വേണമെന്ന നിയമവും ടോം ജോസ് എം.ഡിയായിരിക്കെ കെ.എം.എം.എല്‍ ലംഘിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ചും ടോം ജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയത്.ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുമ്പോള്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമമുണ്ട്. പണത്തിന്റെ സ്രോതസ്സും കാണിക്കണം. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്ഥലം വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ചീഫ് സെക്രട്ടറി ടോം ജോസിനോട് വിശദീകരണം തേടിയിരുന്നു. ഔദ്യോഗിക തിരക്കുകള്‍ മൂലം മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം