തിരുവനന്തപുരത്ത് കൂട്ട ബലാത്സംഗത്തിനിരയായി യുവതി പ്രസവിച്ചു

തിരുവനന്തപുരം:  പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പ്രസവിച്ചു. അവിവാഹിതയായ യുവതിയുടെ രണ്ടാമത്തെ പ്രസവമാണ് അഞ്ച് ദിവസം മുന്‍പ് നടന്നത്. മാനസിക വൈകല്യമുള്ള യുവതിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് സമീപപ്രദേശത്തുള്ളവര്‍ യുവതിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാടിനോട് ചേര്‍ന്ന് ഒഴിഞ്ഞു കിടക്കുന്നൊരു കെട്ടിടത്തിലാണ് യുവതിയും ബുദ്ധിമാന്ദ്യമുള്ള അമ്മയും താമസിക്കുന്നത്. നിരവധി ആളുകള്‍ ഇവരെ തേടി ഇവിടെ എത്താറുണ്ടെന്നും ഇവരെല്ലാം തന്നെ മിഠായി കൊടുത്തും പണം കൊടുത്തും യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. താന്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്നോ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണെന്നോ ഈ യുവതി തിരിച്ചറിയുന്നില്ല. ഈ അവസരമാണ് പകല്‍ മാന്യന്മാര്‍ മുതലെടുത്തത്.

പലപ്പോഴായി വന്നു പോയവരില്‍ ചിലരൊക്കെ പേര് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകളുടെയും പേര് പോലും ഈ യുവതിക്ക് അറിയില്ല. വിളിപ്പേര് അല്ലാതെ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും യുവതിക്ക് അറിയില്ല.

ഈ അടുത്ത കാലത്ത് സ്ഥിരമായി വന്നിരുന്ന കുമാരന്‍ എന്നൊരു പേര് അല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയില്ല. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വിചിത്രമായ ആവശ്യമായിരുന്നു ഇയാള്‍ ഉന്നയിച്ചിരുന്നത്. യുവതി ഗര്‍ഭിണിയാകുമെന്ന് തെളിയിച്ചാല്‍ മാത്രമെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളു എന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

ഗര്‍ഭിണിയായ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ശാരീരക ഉപദ്രവം ഏല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാലോട് പോലീസ് സ്‌റ്റോഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആരോരുമില്ലാത്തവരുടെ പരാതി അധികാരികള്‍ ചെവിക്കൊണ്ടില്ല.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നിരന്തര ലൈംഗിക ചൂഷണത്തിനിരയായിരുന്നതിനാല്‍ യുവതിക്ക് കുഞ്ഞുങ്ങളുടെ അച്ഛനാരാണെന്നറിയില്ല. മൂത്ത കുട്ടി ഓട്ടിസം ബാധിതനാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം