ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഒഴിപ്പിക്കേണ്ടി വരുന്നവരുടെ പട്ടിക യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കാന്‍ നിര്‍ദേശം

വെബ് ഡെസ്ക്

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ചെറുതോണി ഡാം തുറന്നുവിടേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്തും. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരം അടിയന്തരമായി ശേഖരിക്കും. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കലക്ടര്‍മാരോട് യോഗം ആവശ്യപ്പെട്ടു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡാമില്‍ ഇപ്പോള്‍ 2,392 അടി വെള്ളമുണ്ട്. 2,403 അടിയാണ് പൂര്‍ണശേഷി (732 മീറ്റര്‍). ഏകദേശം 10 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും അണക്കെട്ടു തുറക്കേണ്ടി വരും. 1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. കനത്ത മഴ തുടര്‍ന്നാല്‍ ഏഴ് ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്.

അതേ സമയം, ഈ കാലവര്‍ഷക്കാലത്ത് സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയിരിക്കുന്നത് ഇടുക്കി ജില്ലയിലാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) വ്യക്തമാക്കി. ഇടുക്കി ഡാം ഇത്രയും നിറയാന്‍ കാരണമിതാണ്. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള 56 ദിവസത്തെ കണക്കനുസരിച്ച് 49 ശതമാനം അധികമഴയാണ് ജില്ലയില്‍ ലഭിച്ചിരിക്കുന്നത്. 129 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ 192 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ഏകദേശം 12 ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഉറവകളെല്ലാം സജീവമായതിനാല്‍ മഴ നിലച്ചാലും നീരൊഴുക്ക് രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം