ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു, 2400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് മന്ത്രി എം.എം മണി

വെബ് ഡെസ്ക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഷട്ടറുകള്‍ താഴ്‌ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പലയിടത്തും മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. രാവിലെ ഇത് 2401.10 അടിയായിരുന്നു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് കുറയാന്‍ സഹായകമായത്. ഷട്ടര്‍ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

അതേസമയം പ്രളയബാധിത ജില്ലകളില്‍ ഹെലികോപ്ടറില്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇടുക്കിയില്‍ ഇറങ്ങാനായില്ല. കട്ടപ്പന ഗവണ്‍മെന്റ് കോളജില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇതിന് കഴിയാതെ വരികയായിരുന്നു. തുര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ മുഖ്യമന്ത്രി കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം