ജിഷ്ണു….മാപ്പ്..ജിഷ്ണുവിനോട്‌ മാപ്പ് പറഞ്ഞ് അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിനോട്‌  മാപ്പ് പറഞ്ഞു കൊണ്ട് ആചാര്യ ഇന്‍സ്റ്റിറ്റ്യൂടട്ടിലെ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. നാദാപുരം സ്വദേശിയും ബങ്ക്ളൂരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഹെഡ്മായ ബിജു ബാലനാണ് ജിഷ്ണുവിന് അധ്യാപക സമൂഹത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ബിജു ബാലന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ജിഷ്ണൂ മോനേ അറിഞ്ഞത് സത്യമാണെങ്കിൽ , ഒരദ്ധ്യാപകന്റെ പങ്ക് അറിയാതെയെങ്കിലും നിന്റെ മരണത്തിനും ഹേതു ആയെങ്കിൽ മാപ്പ്… അദ്ധ്യാപക സമൂഹത്തിന്റെ പേരിൽ മാപ്പ്. എനിക്കറിയാം ഈ ഏറ്റു പറച്ചിലും സാന്ത്വനങ്ങളും ഒന്നും എവിടെയുമാകില്ല തകർന്നടിഞ്ഞ മനസ്സും സ്വപ്നങ്ങളുമായി വളയത്തെ വീട്ടിൽ ,ഒന്നു മരിച്ചാൽ മതിയായിരുന്നു എന്ന് വിലപിക്കുന്ന ആ അച്ഛനും അമ്മക്കും. നൊന്ത് പെറ്റ മാതൃത്വമേ എനിക്ക് വാക്കുകളില്ല.

അദ്ധ്യാപകൻ എന്ന് പറയുമ്പോൾ ആദ്യം അച്ഛൻ തന്നെ…. മിക്കവാറും ജിഷ്ണുവിന്റെ അച്ഛനെ യോ അമ്മയെയോ പഠിപ്പിച്ചിട്ടുണ്ടാവും “ഗണം” ബാലൻ മാഷ്. ഒരിത്തിരി ഗൗരവക്കാരനായ കട്ടി മീശയുള്ള ,കഷണ്ടിത്തലയുള്ള ബാലൻ മാഷ്. വളയം എന്ന പ്രദേശത്തിന്റെ ചരിത്രത്തിൽ ഒരു ഇടം എപ്പോഴും ബാലൻ മാഷക്കുണ്ടായിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ കൂടെ നടക്കുമ്പോൾ പലരും ഭവ്യതയോടെ വന്ന് സംസാരിക്കുന്നത് കാണാറുണ്ട്.

പലരും എന്നോട് പറഞ്ഞിട്ടുണ്ട് “ഭയങ്കര കുരുത്തക്കേടായിരുന്നു ഞാൻ ,മാഷ് ഒരാളാ എന്നെ നന്നാക്കി ഈ നിലയിലാക്കിയത് “, പലപ്പോഴും ഞാൻ സ്വകാര്യമായി അഹങ്കരിച്ചിട്ടുണ്ട് , തലയുയർത്തിപ്പിടിച്ച് മുൻ നിരയിൽ നടന്നിട്ടുണ്ട് “ബാലൻ മാഷുടെ ” മോനായിട്ട്. ഇതെന്റെ അച്ഛന്റെ മാത്രം കാര്യമല്ല, മറിച്ച് അക്കാലത്തെ സമൂഹത്തിന്റെ നന്മയായി മാറിയിരുന്ന എല്ലാ അദ്ധ്യാപകരുടെയും പുണ്യമായിരുന്നു.

വിദ്ധ്യാർത്ഥികൾ എന്നത് സ്വന്തം മക്കളെ പോലെ കരുതി സ്നേഹം മനസ്സിൽ വച്ച് അവരുടെ നമ്മക്ക് വേണ്ടി വഴക്കു പറഞ്ഞിരുന്ന , ശിക്ഷിച്ചിരുന്ന അവരായിരുന്നു “ഗുരുക്കന്മാർ” . എനിക്കഭിമാനമുണ്ട് എന്റെ വാര്യർ മാഷും ,കുഞ്ഞിരാമൻ മാഷും ,ഇന്ദിര ടീച്ചറുo ,രാജലക്ഷ്മി ടീച്ചറും ,തങ്ങൾ മാഷും തന്ന സ്നേഹത്തിൽ പൊതിഞ്ഞ അടിത്തറയാണ് ഇന്നത്തെ ഞാൻ…. സത്യൻ മാഷാണ് ഞാനും ലോകവും തമ്മിലുള്ള ‘വിടവ് ‘ ഇല്ലാതാക്കിത്തന്നത്. കുമാരൻ മാഷും ,അപ്പൂട്ടി മാഷും ,രാജൻ മാഷും വത്സൻ മാഷും ,നിർമ്മലടീച്ചറുമൊക്കെ മസരമായിരുന്നു ഞങ്ങളിലെ ഞങ്ങളെ കണ്ടെത്തി ത്തരാൻ… സാധാരണ കോളേജ് കാലഘട്ടങ്ങളിൽ അതി ഭയങ്കര അടുപ്പം അധ്യാപകരുമായി ഉണ്ടാവാറില്ലായിരിന്നു. അതിനപവാദങ്ങളായിരുന്നു രാമകൃഷ്ണൻ സാറും, സുരേഷ് സാറും, ജമാൽ സാറും ,നൂർ സാറുമൊക്കെ.കൗമാരത്തിന്റെ ചോരത്തിളപ്പിൽ ചെയ്തു കൂട്ടുന്ന കുസൃതികൾക്ക് കൂട്ട് നിന്ന് അതിരുവിടാതെ സൂക്ഷിച്ച് ജീവിത ഉപദേശങ്ങൾ തന്ന അഭ്യുദയകാംക്ഷികൾ …. പ്രിൻസ് സാറും ,ജോൺ സാറുമൊക്കെ സുഹൃത്തുക്കൾ തന്നെയായിരുന്നു എന്ന് കരുതാനാണിഷ്ടം … അവധി ദിനങ്ങളിൽ പ്രിൻസ് സാറിന്റെ അടുക്കളയിലെ മീൻ ചട്ടി വരെ എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ജീവിതത്തെയും സ്വന്തം വ്യക്തി വികസനത്തെയും ഏറെ സ്വാധീനിച്ച ചിലർ, അവരായിരുന്നു ഞങ്ങൾക്ക് അദ്ധ്യാപകർ….

കാലങ്ങൾക്ക് ശേഷം ഇപ്പോൾ കെട്ടിയാടുന്ന വേഷവും അതു തന്നെ … അധ്യാപകൻ അതും ഒരു ഡിപ്പാർട്ട്മെന്റ് തലവൻ…. ചീത്ത വിളിച്ചിട്ടുണ്ട് എനിക്കേറെ പ്രിയപ്പെട്ടവരെ, ശിക്ഷിച്ചിട്ടുണ്ട് എന്നാൽ ഇന്നുവരെ ഒരു തരി ദേഷ്യം മനസ്സിൽ സൂക്ഷിക്കുകയോ , പ്രതികാര ബുദ്ധിയോടെ പെരുമാറുകയോ ചെയ്തിട്ടില്ല എന്നാണ് വിശ്വാസം. അതു കൊണ്ടാവണം കാലമേറെ കഴിഞ്ഞിട്ടും “അണ്ണാ ” എന്ന് വിളിച്ച് നടക്കുന്ന ഒരു കൂട്ടം ശിഷ്യൻമാർ , പാതിരാത്രി 2 മണിക്ക് പാർട്ടിയും കഴിഞ്ഞ് ഹാംഗ് ഓവറിലും ബിജു സാറിനു വിളിച്ച് ഒരു ഗുഡ് നൈറ്റ് പറയുന്നവർ , ന്യൂ ഇയർ രാത്രിയിൽ ലോകത്തിന്റെ പല കോണിൽ നിന്നും വിളിച്ച് ആശംസിക്കുന്നവർ…. കുറച്ചു നാൾ മുമ്പ് ആസ്ത്രേ ലിയായിൽ നിന്നും ഒരു കോൾ “സർ ഞാനിന്ന് വോക്സ് വാഗൻ കമ്പനിയിൽ HR ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്യുവാ … ഇങ്ങളെന്നു എന്നെ പൊക്കി ഒരു 15 മിനിട്ട് വിളിച്ച തെറി ഇല്ലേ? അതാ എന്നെ ഇവിടെ ക്കൊണ്ടെത്തിച്ചത് ” . സ്വയം പുകഴ്ത്തി വലിയ ജാഡ ഇടാനല്ല മറിച്ച് അദ്ധ്യാപക സമൂഹത്തിലെ “ന്യൂ ജെൻ ” സുഹൃത്തുക്കളോട് ഒരപേക്ഷ അറിയിക്കുവാനാണ്. “ഈഗോ ” മനസ്സിൽ നിന്നും പറിച്ചെറിയുക… മനസ്സിലാക്കാൻ ശ്രമിക്കുക അരക്ഷിത കൗമാരങ്ങളെ… വീടിന്റെ സുഖശീതളയിൽ നിന്നും ഹോസ്റ്റൽ തടവറയിലേക്ക് അച്ഛനെയും അമ്മയെയും ,കുഞ്ഞു പെങ്ങളെയും വിട്ട് പറിച്ച് നടപ്പെടുന്നവന്റെ അത്താണിയാവണം ടീച്ചർ .നഷ്ടപ്പെടുന്നു എന്നവൻ കരുതുന്ന സ്നേഹത്തിന്റെ ,സംരക്ഷണത്തിന്റെ കാവൽ മാലാഖയാണം അദ്ധ്യാപകൻ…. നീയറിയുക തടിച്ച ചട്ടക്കൂട്ടിനുള്ളിലെ അച്ചടിച്ച സമവാക്യങ്ങൾ കുഴമ്പ് രൂപത്തിലാക്കി അവന്റെ മനസ്സിലേക്ക് ഛർദിച്ചു കൊടുത്ത നിന്നെക്കാളും സ്നേഹത്തോടെ ശാസിച്ച് ,അവന്റെ കുറവുകൾ കാട്ടിക്കൊടുത്ത് ,നാളെ സമൂഹത്തിനോട് ബാദ്ധ്യതയുള്ള ഒരു ” പ്രജ “യായി അവനെ മാറ്റുന്ന നിന്നെയാണ് മരണം വരെ അവൻ ഓർക്കുക. അതാവട്ടെ അധ്യാപനത്തിന്റെ പരമപ്രധാനമായ പ്രാഥമിക ഉദ്ദേശം..

നാളെ   ഇനിയുമൊരു ജിഷ്ണു ഉണ്ടാവാതിരിക്കാൻ …. ജിഷ്ണു ഒരു പ്രതീകമാണ് ,ഒരു മുന്നറിയിപ്പാണ് നമ്മുടെ മക്കൾ വളർന്നു വരുന്ന പുതിയ സാമൂഹിക വ്യവസ്ഥയുടെ നേർക്കാഴ്ച്ചയാണ്. പാടില്ല നമുക്ക് നഷ്ടപ്പെടരുത് സ്നേഹത്തിന്റെ ,സംരക്ഷണത്തിന്റെ ,അദ്ധ്യാപനത്തിന്റെ കരുത്ത്….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം