ആള്‍മാറാട്ടം നടത്തി യുവാക്കളെ പ്രണയിച്ച് ലക്ഷങ്ങള്‍ തട്ടിയ നടി പിടിയില്‍

കോയമ്ബത്തൂര്‍:  ആള്‍മാറാട്ടം നടത്തി യുവാക്കളെ പ്രണയിച്ച് ലക്ഷങ്ങള്‍ തട്ടിയ നടി പിടിയില്‍. മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ആള്‍മാറാട്ടം നടത്തിയാണ് നടി  യുവാക്കളുമായി പരിചയപ്പെട്ടിരുന്നത്. പിന്നീട് അവരെ പ്രണയിച്ച്‌ ലക്ഷങ്ങള്‍ തട്ടുകയും ചെയ്തു. റിലീസാകാത്ത തമിഴ്സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ  ശ്രുതിയ്ക്കെതിരേയാണ് കേസ്. അഞ്ചിലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി ഇവര്‍ തട്ടിയത് ലക്ഷങ്ങളാണ്. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്ബനിയിലെ സോഫ്റ്റ്വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്ത നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളുമാണ്  അറസ്റ്റിലായത്. സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു. പിന്നീട് വിവാഹത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും  തുടര്‍ന്ന് പ്രണയത്തിലാകുകയും ചെയ്തു.

ഓണ്‍ലൈന്‍ വഴി ഇരുവരും താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഇരുവരും പരസ്പരം മൊബൈല്‍ നമ്ബര്‍ കൈമാറി. ശ്രുതി തന്റെ ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ബാലമുരുകന്‍ ശ്രുതിയെ നേരില്‍ കാണാനായി വിമാനടിക്കറ്റ് അയച്ചു കൊടുത്ത് യു കെ യിലേക്ക് വരുത്തുകയും ചെയ്തു. അവിടെ ബാലമുരുകന്‍ ലക്ഷങ്ങളാണ് അവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പിന്നീട് ബാലമുരുകന്‍ കോയമ്ബത്തൂരില്‍ പോകുകയും ശ്രുതിക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും ഓപ്പറേഷന്‍ വേണമെന്നും മാതാവിന് ഹൃദയ ശസ്ത്രക്രിയ വേണമെന്നുമെല്ലാം പറഞ്ഞ് ശ്രുതി 2017 മെയ്ക്കും 2018 ജനുവരിക്കും ഇടയില്‍ പലപ്പോഴായി 41 ലക്ഷം രൂപ യുവാവില്‍ നിന്നും വാങ്ങിയത് . ഒടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങ് നടത്താനായി ബാലമുരുകന്‍ സമീപിച്ചപ്പോള്‍ ചടങ്ങ് നടത്തിയാല്‍ ക്യാമറ ഫ്ളാഷ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഫോട്ടോയെടുപ്പ് വേണ്ടെന്ന് പറഞ്ഞു.പിന്നീട് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെന്ന് പറഞ്ഞ് ശ്രുതിയുടെ ചിത്രം ബാലമുരുഗന്‍ തന്റെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. ചിത്രം കണ്ട കൂട്ടുകാര്‍ ശരിക്കും ഞെട്ടി. പലരെയും വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ പെണ്‍കുട്ടിയാണ് ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കടപ്പാട് : മംഗളം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം