കാടിനെയും കടുവകളെയും പ്രണയിക്കുന്ന ഈ സുഹൃത്തുക്കളുടെ സാഹസിക യാത്രകളുടെ അനുഭവങ്ങള്‍

വനനശീകരണത്തിനൊപ്പം വന്യജീവി വേട്ട മൂലം മൃഗങ്ങള്‍ വംശനാശ ഭീഷണിയും നേരിടുന്ന കാലത്ത് വ്യത്യസ്തരാവുകയാണ് കൈരളി ടിവി ക്യാമറാമാന്‍ പിപി സലീമും, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശശികുമാറും. ലോക കടുവാ ദിനത്തില്‍ കാടിനെയും കടുവകളെയും പ്രണയിക്കുന്ന ഈ സുഹൃത്തുക്കളുടെ സാഹസിക യാത്രകളുടെ അനുഭവങ്ങള്‍ പരിചയപ്പെടാം.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവിലാണ് ഞങ്ങള്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ലാന്‍ഡിംഗ് അല്‍പ സമയം വൈകി. നാഗ്പൂരില്‍ ഇറങ്ങിയ ഉടന്‍ ഇരൂന്നൂറ് കിലോ മീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചു വേണം തഡോബ ടൈഗര്‍ റിസര്‍വിന് സമീപത്തേക്ക് എത്താന്‍. മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാതയിലൂടെയാണ് യാത്ര. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തലയുയര്‍ത്തി നിന്ന നഗരവീഥികള്‍ പിന്നിട്ട് വാഹനം ഗ്രാമീണ വഴികളിലേക്ക് കടന്നപ്പോഴാണ് പ്രദേശത്തിന്റെ തനത് സൗന്ദര്യം ആസ്വദിക്കാനായത്.

എത്രയും വേഗം ടൈഗര്‍ റിസര്‍വില്‍ എത്തി വീഡിയോകളും ദൃശ്യങ്ങളും പകര്‍ത്തുക എന്നതായിരുന്നു എന്റെയും ശശികുമാറിന്റെയും ഉദ്ദേശ്യം. എന്നാല്‍ രാവിലെ ആറ് മുതല്‍ ഒന്‍പതര വരെയും വൈകിട്ട് മൂന്നര മുതല്‍ ആറര വരെയും മാത്രമാണ് കടുവ സങ്കേതത്തില്‍ സന്ദര്‍ശകരെ അനുവദിക്കു എന്ന് പിന്നീടാണ് മനസ്സിലായത്. അതേ ദിവസ്സം ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സാധ്യത മങ്ങിയതോടെ ടൈഗര്‍ റിസര്‍വിനു സമീപം തങ്ങി തൊട്ടടുത്ത ദിവസം പുലര്‍ച്ചെ തന്നെ യാത്രയ്ക്ക് തയ്യാറെടുക്കാമെന്ന് ഞാനും ശശികുമാറും തീരുമാനിച്ചു. കടുവ സങ്കേതത്തില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള റിസോര്‍ട്ടിലാണ് ആദ്യ ദിനം ഞങ്ങള്‍ തങ്ങിയത്.

തൊട്ടടുത്ത ദിനം പുലര്‍ച്ചെ തന്നെ ടൈഗര്‍ റിസര്‍വിലേക്ക് യാത്ര പുറപ്പെട്ടു. എന്റെ കൈവശമുണ്ടായിരുന്ന സോണി ഫോര്‍ കെ ക്യാമറയില്‍ വീഡിയോയും ശശികുമാറിന്റെ ക്യാനോണ്‍ ഫൈവ് ഡിയില്‍ ഫോട്ടോകളും പകര്‍ത്താമെന്ന ഉദ്ദേശ്യമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. ചന്ദ്രാപൂര്‍ ജില്ലയില്‍ അറുന്നൂറ്റി ഇരുപത്തിയഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന തഡോബ വന്യജീവി സങ്കേതത്തില്‍ എത്തിപ്പെട്ടതോടെയാണ് ന്യൂസ് ക്യാമറമാന്‍മാരെക്കാള്‍ ഭീതിജനകമായ ജോലിയാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി എന്നി തിരിച്ചറിവ് എനിക്കുണ്ടായത്.

വാര്‍ത്താ ദൃശ്യങ്ങള്‍ക്കായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കാട്ടഴകിന്റെയും വന്യ ജീവികളുടെ ജീവന്‍ തുടുക്കുന്ന ദൃശ്യങ്ങള്‍ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് എനിക്ക് ഈ യാത്രയോടെ ബോധ്യമായി. കാട്ടുപോത്തിനെ കടുവകള്‍ കൂട്ടത്തോടെയെത്തി ആക്രമിച്ച് ഭക്ഷണമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കായി ദിവസങ്ങളോളം ആഹാരം പോലും ഉപേക്ഷിച്ച് കാത്തിരിക്കേണ്ടി വന്നത് ജീവിതത്തിലെ വലിയ അനുഭവമായാണ് തോന്നുന്നത്.

ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കടുവകളും പുള്ളിപ്പുലികളും കാട്ടുപോത്തും അപൂര്‍വ്വയിനം പക്ഷികളുമടക്കം തഡോബ പാര്‍ക്കിന്റെ സവിശേഷതകളെല്ലാം വീഡിയോയില്‍ പകര്‍ത്താനായി എന്ന സന്തോഷത്തില്‍ കാടിറങ്ങിയപ്പോഴാണ് എന്റെ സുഹൃത്ത് ശശികുമാറിന്റെ ക്യാമറ പരിശോധിച്ചത്. എനിക്കൊപ്പം സഞ്ചരിച്ച് ഒരുപക്ഷേ എനിക്ക് പോലും കാണാനാവാത്ത പക്ഷി മൃഗാദികളുടെ അപൂര്‍വ്വ ശേഖരവുമായാണ് പ്രിയ സുഹൃത്ത് ശശികുമാര്‍ തിരികെയെത്തിയത്.

ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി കടുവ സങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രൊഫഷണല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാവാം, അദ്ദേഹത്തിന്റെ മിഴിവേകുന്നചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇവ കൂടി എനിക്ക് പകര്‍ത്താനായിരുന്നെങ്കിള്‍ എന്ന് ആശ തോന്നിപ്പോയി.

കര്‍ശന നിയന്ത്രണമുള്ള കടുവ പാര്‍ക്കുകളില്‍ ജീപ്പുകളില്‍ ഇരുന്നു മാത്രമാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവാദമുള്ളു. അനുവദനീയമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ കടുവകളുടെ ഫോട്ടോകള്‍ പകര്‍ത്താന്‍ ശശികുമാറും, വീഡിയോ ദൃശ്യങ്ങള്‍ക്കായി ഞാനും മത്സരിച്ച് പ്രയത്‌നിച്ചെങ്കിലും അനുഭവ സമ്പത്തിന്റെ പിന്‍ബലം കൊണ്ട് മുന്നിലെത്തയത് ശശികുമാറാണ്.

ഒരു പതിറ്റാണ്ടിനിടെ ഇരുപതിലറെ വന്യ ജീവി സങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശശികുമാറിനൊപ്പം തഡോബ ടൈഗര്‍ റിസര്‍വിലെയും രണ്‍ഥംപൂര്‍ നാഷണല്‍ പാര്‍ക്കിലെയും ദൃശ്യങ്ങള്‍ കൈരളി ടിവിക്കായി പകര്‍ത്താനായതിന്റെ സംതൃപ്തിയിലാണ് ഇക്കുറി മടക്കം.

കടപ്പാട്:  കൈരളി ഓണ്‍ലൈന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം