സ്വാതിയുടെ കൊലയ്ക്ക് പിന്നില്‍ ലൗ ജിഹാദ്; ആരോപണം വിവാദമാകുന്നു

Swathiചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ സ്വാതി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യ രംഗത്തെത്തി. സംഭവം ലൗ ജിഹാദാണെന്നാണ് അഭിജിത് ഭട്ടാചാര്യ ട്വീറ്റ് ചെയ്തത്. എന്നാല്‍ പരാമര്‍ശം തെറ്റാണെന്നു പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഭട്ടാചാര്യ അസഭ്യവര്‍ഷവും നടത്തി. അഭിജിത്തിനെതിരെ നിയമനടപടിയെടുക്കുമെന്നു മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി അറിയിച്ചു.

ചെന്നൈയില്‍നിന്നുള്ള സംഘപരിവാര്‍ അനുകൂല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം റീ ട്വീറ്റ് ചെയ്താണ് അഭിജിത് ഭട്ടാചാര്യ വിവാദ പരാമര്‍ശം നടത്തിയത്. സ്വാതിയുടെ കൊലപാതകം ലൗ ജിഹാദാണെന്നും ഹൈന്ദവരായ രക്ഷിതാക്കള്‍ ഇതിനു പകരം ചോദിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

പരാമര്‍ശം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും മതസ്പര്‍ധ വളര്‍ത്തുംവിധമുള്ള പരാമര്‍ശം നടത്തിയതിന് അഭിജിത്തിനെ അറസ്റ്റ് ചെയ്യണമെന്നും ട്വിറ്ററില്‍ കുറിച്ച മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിക്കു നേരെ ഗായകന്‍ അസഭ്യവര്‍ഷം നടത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനു അഭിജിത്തിനെതിരെ പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ടു മുംബൈ പൊലീസിനോടു സംസാരിച്ചതായി മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. നേരത്തേ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ട കാറപകടക്കേസില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ പട്ടികളാണെന്നും അങ്ങനെയുള്ളവര്‍ ചിലപ്പോള്‍ ചതഞ്ഞരഞ്ഞെന്നിരിക്കും എന്നും പ്രതികരിച്ച അഭിജിത് പുലിവാലുപിടിച്ചിരുന്നു.

അതേസമയം പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി രാംകുമാര്‍ മൊഴി നല്‍കി. സ്വാതിയുമായി കൂടുതല്‍ അടുക്കുന്നതിനുവേണ്ടിയാണ് മൂന്നു മാസം മുന്‍പു ചെങ്കോട്ടയില്‍നിന്നു ചെന്നൈയില്‍ എത്തിയതെന്നും ഇയാള്‍ പറഞ്ഞു. നേരില്‍ കണ്ടു സൗഹൃദം പുതുക്കിയതിനു പിന്നാലെ അഞ്ചു തവണ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും സ്വാതി മുഖംതിരിച്ചു. നേരിട്ടും സുഹൃത്തു മുഖേനയുമായിരുന്നു അഭ്യര്‍ഥന.

മാത്രമല്ല പണത്തിന്റെയും സൗന്ദര്യത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ പരിഹസിക്കുക കൂടി ചെയ്തതോടെ പകയുണ്ടാകുകയും ആക്രമിക്കാന്‍ പദ്ധതിയിടുകയുമായിരുന്നുവെന്നു പ്രതി മൊഴി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം