മദ്യപാനിയായ അച്ഛനെ ഭീഷണിപ്പെടുത്താന്‍ എലിവിഷം കഴിച്ച 15കാരി മരിച്ചു

ചിറ്റൂര്‍: മദ്യപാനിയായ അച്ഛനെ ഭീഷണിപ്പെടുത്താനായി എലിവിഷം കഴിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 15 കാരിയായ ഭാര്‍ഗവിയാണ് മരണപ്പെട്ടത്. ജനുവരി 31 ന് മദ്യം കഴിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യ സരസ്വതിയുമായി വഴക്കുണ്ടാക്കുകയായിരുന്നു.

തുടര്‍ന്ന് വിഷയത്തിലിടപെട്ട കുട്ടി ഇനി മദ്യം കഴിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന എലിവിഷമെടുത്ത്‌ വായിലിടുകയുമായിരുന്നു. പിന്നീട് അമ്മ ഇടപെട്ടതോടെ കുട്ടി അത് തുപ്പിക്കളയുകയും വായ കഴുകുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസം സ്‌കൂളിലെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്ന് തിരുപ്പതി റൂറല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഈശ്വരയ്യ പറഞ്ഞു.

പെണ്‍കുട്ടിയുടെ നില ഗുരുതരമായതോടെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇതേ ആശുപത്രിയിലെ സ്വീപ്പര്‍ തൊഴിലാളിയാണ് കുട്ടിയുടെ അമ്മ സരസ്വതി. അച്ഛന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്.

സ്ഥിരം മദ്യപാനിയായ പിതാവ് മദ്യപിച്ച് വഴക്കുകൂടുക പതിവായിരുന്നെന്നും ജില്ലയിലെ മദ്യവിരുദ്ധ കാമ്പയിന്റെ ഭാഗമായിരുന്ന ഭാര്‍ഗവി മദ്യപിക്കുന്നത് അവസാനിപ്പിക്കണമെന്ന് പിതാവിനോട് ആവശ്യപ്പെടാറുണ്ടായിരുന്നെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ മദ്യവിരുദ്ധ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരുവുനാടകങ്ങളിലുള്‍പ്പെടെ ഭാര്‍ഗവി പങ്കാളിയാവാറുണ്ടായിരുന്നെന്നും അമ്മ സരസ്വതി പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം