എസ്.ശ്രീശാന്ത് ഉള്‍പ്പടെയുള്ള കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി

യൂഡല്‍ഹി: ഐപിഎല്‍ കോഴക്കേസ് കോടതി റദ്ദാക്കി. കേസിന്റെ കുറ്റപത്രം ഉള്‍പ്പടെയുള്ള എല്ലാ നടപടികളുമാണ് sreeshanthഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ റദ്ദാക്കിയത്. ഇതോടെ എസ്.ശ്രീശാന്ത് ഉള്‍പ്പടെയുള്ള കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി. കേസുമായി ബന്ധപ്പെട്ടുള്ള ഡല്‍ഹി പോലീസിന്റെ എല്ലാ കണ്ടെത്തലുകളും കോടതി തള്ളിക്കളഞ്ഞു. കേസിലെ എല്ലാ പ്രതികളെയും വെറുതെവിടുന്നുവെന്നും കുറ്റപത്രം റദ്ദാക്കുന്നു എന്നും മാത്രമാണ് ജഡ്ജി പറഞ്ഞത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മക്കോക്ക) അടക്കം ഡല്‍ഹി പോലീസ് ചുമത്തിയ ഒരു കേസും നിലനില്‍ക്കില്ലെന്ന് വിധിയില്‍ കോടതി പറയുന്നു. കേസില്‍ വിധി പറയരുതെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമുള്ള ഡല്‍ഹി പോലീസിന്റെ അപേക്ഷയും കോടതി പരിഗണിച്ചില്ല. ഉച്ചകഴിഞ്ഞ് രണ്ടിനു വിധി പറയുമെന്നാണ് കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിധി പറയാന്‍ ജഡ്ജി എത്തിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ആര്‍.എം.ലോധ സമിതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിലപാട് ഡല്‍ഹി പോലീസ് സ്വീകരിച്ചു. ഇതോടെയാണ് വിധി പ്രസ്താവം വൈകിട്ട് നാലിലേയ്ക്കും തുടര്‍ന്ന് 4.30ലേക്കും മാറ്റിവയ്ക്കുകയായിരുന്നു. കേസില്‍ വിധി പറയരുതെന്നും തുടരന്വേഷണം ആവശ്യമാണെന്നും ഡല്‍ഹി പോലീസ് നിലപാടെടുത്തത് തികച്ചും അപ്രതീക്ഷിതമായി. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി നിയോഗിച്ച ലോധ സമിതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതാണ് ഡല്‍ഹി പോലീസ് പിടിവള്ളിയാക്കിയിരുന്നത്. എന്നാല്‍ കോടതി അന്തിമ വിധിയില്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാന്‍ തയാറായില്ല. ശ്രീശാന്തും കുടുംബവും കേസിലെ മറ്റു പ്രതികളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. 2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം