ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചിരുന്നു; ശ്രീശാന്ത്‌ മനസ് തുറക്കുന്നു

sreesanthകോഴിക്കോട് : ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശേഷം തിഹാര്‍ ജയിലില്‍ കഴിയവേ, തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തി. മലയാളത്തിലെ ഒരു മാസികയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് ഐ.പി.എല്‍. അറസ്റ്റും ജയില്‍വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രീശാന്ത് ആദ്യമായി തുറന്നുപറയുന്നത്.

”തിഹാറില്‍ എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനുമുമ്പ് ആത്മഹത്യചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികള്‍, ബലാത്സംഗ കേസില്‍പെട്ടവര്‍- അങ്ങനെ വലിയൊരു സംഘം ക്രിമിനലുകള്‍ക്കൊപ്പമായിരുന്നു എന്നെ സെല്ലിലടച്ചത്. ചിലര്‍ ബ്ലേഡ് വെച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധംകൊണ്ട് ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞുമാറിയപ്പോള്‍ അയാള്‍ ബാലന്‍സ് തെറ്റിവീണതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. അവരെ ആരെങ്കിലും നിയോഗിച്ചതാണോയെന്നൊന്നും എനിക്കറിയില്ല”.

സുഹൃത്തുകൂടിയായ സിനിമാതാരം രാജീവ് പിള്ളയ്ക്കുവേണ്ടി ഹിന്ദി സിനിമയുടെ സംവിധായകനെ കണ്ട് സംസാരിച്ചുവരുമ്പോള്‍ നടുറോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ അതേത്തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ മിക്കതും പച്ചക്കള്ളമായിരുന്നു.

”ഞാന്‍ മുംബൈയില്‍ വന്നത് രാജസ്ഥാന്‍ റോയല്‍സ് ബുക്ക് ചെയ്ത് തന്ന ടിക്കറ്റിലാണ്. എന്നാല്‍ മൂന്നു നാല് മത്സരങ്ങളില്‍ ടീം എനിക്ക് വിശ്രമം തന്നതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ അല്ല തങ്ങിയിരുന്നത്. രാജിവ് പിള്ളയ്ക്കുവേണ്ടി ഹിന്ദിസിനിമാ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ വണ്ടി തടഞ്ഞുവെച്ചായിരുന്നു അറസ്റ്റ്. തട്ടിക്കൊണ്ടുപോവുംപോലെയുള്ള അനുഭവം. പോലീസ് എത്തിയപ്പോള്‍ ഞാന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നു. അതെല്ലാം പച്ചക്കള്ളമാണ്. അറസ്റ്റ് ചെയ്ത ശേഷം കൊണ്ടു പോയത് മറൈന്‍ ഡ്രൈവിലേക്കാണ്. രാവിലെ ഏഴു മണിയാകുംവരെ അവിടെ ഒരു വണ്ടിയില്‍ ഇരുത്തി. എന്റെ മൊബൈല്‍ ഫോണുകള്‍ വാങ്ങിവെച്ചു. പിന്നെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. ചുറ്റും കമാന്‍ഡോകളുമായി പതിനൊന്നു മണിവരെ എയര്‍പോര്‍ട്ടിലിരുത്തി. പിന്നെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്. അവിടെ വലിയൊരു സംഘം പോലീസ് എത്തിയിരുന്നു. കൊടും തീവ്രവാദികളെ കൊണ്ടുപോവും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. അവിടെ വെച്ച് എന്റെ മാലയും പേഴ്‌സും വാങ്ങിവെച്ചു. കൈയില്‍ കെട്ടിയിരുന്ന പൂജിച്ച ചരടുകള്‍ മുറിച്ചെടുത്തു. ദിവസങ്ങളോളം ചോദ്യംചെയ്തു. എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങളേറെയും. അവര്‍ പറയുന്ന കാര്യങ്ങള്‍ എന്നെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ശ്രമം. നിരന്തരമായ ഭീഷണി. അച്ഛനെ അറസ്റ്റ് ചെയ്യും… അമ്മയെ അറസ്റ്റ് ചെയ്യും… ചേച്ചിയെ പിടിച്ചുകൊണ്ടുവരും എന്നിങ്ങനെ. അവരെഴുതിയ കുറ്റപത്രത്തില്‍ ഒപ്പിടുവിക്കാനായിരുന്നു ഈ ഭീഷണിയെല്ലാം. ഒപ്പിട്ടു കൊടുത്തില്ലെങ്കില്‍ ജീവനോടെ ഞാന്‍ പുറത്തുപോവില്ലെന്ന് എനിക്ക് മനസ്സിലായി. അതില്‍ ഒപ്പിട്ടു കൊടുത്തതോടെ പിന്നെ വലിയ ഭീഷണിയൊന്നും ഉണ്ടായില്ല. ‘ – അഭിമുഖത്തില്‍ ശ്രീശാന്ത് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം