തീഹാര്‍ ജയിലില്‍ വച്ച് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചതായി സഹോദരന്‍

sreesanthകൊച്ചി: ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ വച്ച് സഹതടവുകാരന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സഹോദരന്റെയും സഹോദരി ഭര്‍ത്താവിന്റെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.  ഐപിഎല്‍ വാതുവയ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ  എസ്. ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ പിറകില്‍ നിന്ന് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സഹോദരി ഭര്‍ത്താവും പ്രശസ്ത ഗായകനുമായ മധു ബാലകൃഷ്ണന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍  വെളിപ്പെടുത്തി.

മധു ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ശ്രീശാന്തിന്റെ സഹോദരന്‍ ദീപുശാന്ത് ശരിവച്ചു. ഇത് പ്രാഥമികമായ ഒരു കാര്യം മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍ മാര്‍ച്ച് ഒമ്പതിന് ശേഷം വ്യക്തമാക്കുമെന്ന് ദീപുശാന്ത് ഒരു മാധ്യമത്തോട്  പറഞ്ഞു. ശ്രീശാന്തിന്റെ കേസ് അന്ന് വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. ശ്രീശാന്തിനെ കോടതി വെറുതേ വിടുമെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതീക്ഷിക്കുന്നത്. തീഹാര്‍ ജയിലില്‍ 27 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശ്രീശാന്ത്, താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍ അഭിഭാഷകരുടെ കര്‍ശന നിര്‍ദ്ദേശം മൂലം പിന്നീട് ഒന്നും പറഞ്ഞിരുന്നില്ല.

കഠിനമായ മാനസിക പീഡനമാണ് ശ്രീശാന്തിന് തീഹാര്‍ ജയിലില്‍ നേരിടേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ആയിരം വോള്‍ട്ട് പ്രകാശമുള്ള ബള്‍ബാണ് സെല്ലില്‍ ഇട്ടിരുന്നത്. ഇതു മൂലം രാത്രിയിലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രീശാന്ത് നടത്തിയ ശ്രമത്തിനിടെ കുത്താന്‍ ശ്രമിച്ചയാളുടെ ഒരു വിരല്‍ ഒടിഞ്ഞു. ഈ ബഹളം കേട്ടാണ് വാര്‍ഡന്മാര്‍ എത്തിയത്.

ഇന്ത്യന്‍ ടീമിലെ രണ്ടു കളിക്കാര്‍ക്ക് തന്നോടു വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്ന ശ്രീശാന്തിന്റെ ആരോപണം മധു ബാലകൃഷ്ണന്‍ ശരിവച്ചു. ഇവര്‍ ക്യാപ്റ്റന്‍ ധോണിയും ഹര്‍ബജന്‍സിംഗുമാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായ ഒരു കളിക്കാരന്‍ തീഹാര്‍ ജയിലിലെ തന്റെ സ്വാധീനമുപയോഗിച്ച് ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ട്.

വാതുവെയ്പു കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെതിരേ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടില്‍(മക്കോക)എന്ന നിയമമാണ് ചുമത്തിയിരുന്നത്. തീവ്രവാദികള്‍ക്കെതിരേ ഉപയോഗിക്കുന്ന നിയമം ശ്രീശാന്തിനെയും സഹതാരങ്ങളേയും കുടുക്കാനാണ് പോലീസ് പ്രയോഗിച്ചതെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു. വാതുവയ്പ് കേസില്‍ അധോലോക ബന്ധം ആരോപിക്കപ്പെട്ടിട്ടും മുംബൈ പോലീസ് അറസ്റ്റു ചെയ്ത ബോളിവുഡ് നടന്‍ വിന്ദു ധാരാസിംഗിനേയും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനേയും വളരെ നേരത്തെ തന്നെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇവര്‍ക്കെതിരേ മക്കോക ചുമത്തിയിരുന്നുമില്ല.

ശ്രീശാന്തിന് വാതുവയ്പു പണമായി 10 ലക്ഷം രൂപ നല്‍കിയെന്ന് പോലീസില്‍ മൊഴി നല്‍കിയ ജീതു എന്നു വിളിക്കുന്ന ജീതേന്ദ്ര ജെയിന്‍  കോടതിയില്‍ ഇത് നിഷേധിച്ചിരുന്നു. പോലീസ് ഇപ്രകാരം മൊഴി നല്‍കാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടു.

2013 ജൂണിലാണ് ശ്രീശാന്തിനും മറ്റ് 17 പേര്‍ക്കും ജാമ്യം ലഭിച്ചത്. ഡല്‍ഹി പോലീസിനെതിരേ നിശിത വിമര്‍ശനം നടത്തിയാണു സാകേതിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനയകുമാര്‍ ഖന്ന ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നീ താരങ്ങളുള്‍പ്പെടെ 18 പേര്‍ക്കു ജാമ്യം അനുവദിച്ചു വിധി പുറപ്പെടുവിച്ചത്. ശ്രീശാന്തിനും മറ്റു വാതുവയ്പുകാര്‍ക്കുമെതിരേ സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള മക്കോക നിയമം ചുമത്തിയതു നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഈ നിയമം ചുമത്താന്‍ നിരത്തിയ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കി.

പ്രതികള്‍ക്കെതിരേ ചുമത്തിയ ഗൂഢാലോചന, വഞ്ചന, ക്രിമിനല്‍ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. മുംബൈ അധോലോകവുമായി താരങ്ങള്‍ക്കു ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ പോലീസിനായില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കിടെ ശ്രീശാന്തിനും സഹകളിക്കാര്‍ക്കുമെതിരേ ചുമത്തിയ കുറ്റങ്ങള്‍ സാധൂകരിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിനോ ശക്തമായ വാദം നടത്തുന്നതിനോ പ്രോസിക്യൂഷനായില്ല. ഉച്ചവരെ പ്രതികളുടെ അഭിഭാഷകന്റെ വാദം കേട്ട കോടതി ഉച്ചകഴിഞ്ഞാണു പ്രോസിക്യൂഷന്റെ വാദം കേട്ടത്.

കഴിഞ്ഞ 2013 മാര്‍ച്ച് 16നാണ് ശ്രീശാന്തുള്‍പ്പെടെ യുള്ളവര്‍ ഡല്‍ഹി പോലീസിന്റെ വലയിലായത്. തുടര്‍ന്ന് 12 ദിവസ ത്തോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞു. ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകനായ പിനാക്കി മിശ്ര, കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ തുടങ്ങിയവരാണ് ശ്രീശാന്തിനുവേണ്ടി കോടതിയില്‍ ഹാജരായത്. മക്കോക നിയമം ചുമത്തിയതിനെതിരേയായിരുന്നു ഇവരുടെ വാദം പ്രധാനമായും കേന്ദ്രീകരിച്ചത്. ഇതു വിജയം കാണുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം