782 ദിവസം; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. 782 മത്തെ ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. സഹോദരന്റെ മരണത്തെ സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയതിന് ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. ശ്രീജിത്തും മാതാവ് രമണിയും സിബിഐയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കിയത്.

ശ്രീജിത്തിന്റെ സമരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു.

ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. 782 ദിവസത്തിലേറെയായി നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള ആയിരങ്ങള്‍ ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരത്ത് വന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരുടെ പിന്തുണയും ശ്രീജിത്തിന് ലഭിച്ചു.

ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ കെ.നാരായണകുറുപ്പ് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടു. കസ്റ്റഡിയില്‍ നടന്ന കൊലപാതകം മറച്ചുവയ്ക്കാന്‍ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ശ്രീജീവ് മരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം