കോളേജിലെ അനീതിക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയ ജിഷ്ണുവിനെ അവര്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു; ഗുരുതര ആരോപണവുമായി അമ്മാവന്‍ ശ്രീജിത്ത്‌

അവനെ അവര്‍ കൊന്നു. പാമ്പാടി നെഹ്‌റു കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്. കോളേജിനെതിരെ പ്രതികരിക്കാന്‍ ജിഷ്ണു തുടങ്ങിയിരുന്നെന്നും അതിനെത്തുടര്‍ന്ന് അവനെ കോളേജ് മാനേജ്‌മെന്റ് കൊല്ലുകയായിരുന്നെന്നും കൈരളി പീപ്പിള്‍ ടിവിയോട് ശ്രീജിത്ത് പറഞ്ഞു.പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണുവിന്റെ മൂക്കിലെ മുറിവ് കേന്ദ്രീകരിച്ച് അന്വേഷണം. ശരീരത്തില്‍ മര്‍ദനമേറ്റ മറ്റ് അടയാളങ്ങളൊന്നുമില്ലെന്ന് ദേഹപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. എങ്കിലും മൂക്കിലെ മുറിവ് അവരെ കുഴയ്ക്കുന്നുണ്ട്. ഇതും വിശദമായി അന്വേഷിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

 

ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപിക്കപ്പെടുന്ന പരീക്ഷ ഡിസംബര്‍ മധ്യവാരത്തിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പരീക്ഷ ജനുവരി മാസത്തിലേക്ക് നീട്ടിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ അടുത്തദിവസം, പരീക്ഷ ഡിസംബര്‍ അവസാനവാരം നടത്തുമെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. പരീക്ഷ നടത്തണമെങ്കില്‍ 15 ദിവസം മുന്‍പ് വിദ്യാര്‍ഥികളെ അറിയിക്കണമെന്നാണ് ചട്ടം. ഇത് അറിയാമായിരുന്ന ജിഷ്ണു കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ജിഷ്ണു ചില മാധ്യമങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചതെന്നും ശ്രീജിത്ത് പറയുന്നു. പ്രതികരിക്കാന്‍ തുടങ്ങിയതോടെ ജിഷ്ണുവിനെ അവര്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും ശ്രീജിത്ത് ആരോപിക്കുന്നു.
അതേസമയം, ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം