മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിക്ക് ഉടമയുടെ പീഡനം; തുണി അഴിച്ച് പരിശോധിച്ചു; ശരീരത്തില്‍ സിറിഞ്ച് കുത്തിയിറക്കി; ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിക്ക് ഉടമയുടെ പീഡനം. തുണി അഴിച്ച് പരിശോധിക്കുകയും ശരീരത്തില്‍ സിറിഞ്ച് കുത്തിയിറക്കി കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടതായും  പതിനെട്ടുകാരിയായ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.  കോതമംഗലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ ലാബിലാണ് സംഭവം. മോഷണം നടത്തിയതായി കുറ്റസമ്മതം എഴുതി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഉടമ പെണ്‍കുട്ടിയെ വിട്ടയച്ചത്. പെണ്‍കുട്ടിയുടെ കാലില്‍ ഒടിഞ്ഞിരുന്ന സിറിഞ്ചിന്റെ സൂചി പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ നടത്തി പുറത്തെടുക്കുകയായിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിക്കുസമീപം പ്രവര്‍ത്തിച്ചുവരുന്ന ലാബ് ഉടമ നാസറിനെതിരെ ഇവിടത്തെ ജീവനക്കാരിയായ വെണ്ടുവഴി സ്വദേശിനിയാണ് പൊലീസില്‍ വിവരം നല്‍കിയിട്ടുള്ളത്.

എട്ടു മണിക്കൂറിലേറെ ലബോറട്ടറി ഉടമ  തന്നെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വാക്കുകള്‍: പണം കാണാതെ പോയെന്നുപറഞ്ഞ് ഇക്ക തടഞ്ഞുവച്ചു. മുറിയില്‍ വച്ച് ചേച്ചിമാരെക്കൊണ്ട് തുണിയഴിച്ചു പരിശോധിച്ചു. പലതവണ കരണത്തടിച്ചു. ശാരീരികബന്ധത്തിന് തയ്യാറാവണമെന്ന് ചെവിയില്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേര്‍ത്തുവച്ച് സിറിഞ്ചിന്റെ നീഡില്‍ തുടയില്‍ കുത്തിയിറക്കി വട്ടം കറക്കി. പിന്നെ തുരുമ്പിച്ച കത്തികൊണ്ട് കുത്തിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഉടന്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ പോലീസ് ഇവിടെ വന്ന് നിന്നെ വിലങ്ങുവച്ചു കൊണ്ടുപോകുമെന്നും ആയുഷ്‌കാലം പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഭീഷിണിപ്പെടുത്തി. അമ്മയുടെ സ്വഭാവ ശുദ്ധിയെക്കുറിച്ച് കേട്ടാലറയ്ക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. കുടുംബക്കാരെ മൊത്തത്തിലും തെറിവിളിച്ചു. പണം എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞെങ്കിലും ഇക്ക വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടു. ഈ സമയം കൂടെ ജോലിചെയ്തിരുന്ന ചേച്ചിമാരും മുറിയിലുണ്ടായിരുന്നു. ഇക്കാ ഇങ്ങനെ ചോദിച്ചാല്‍ ഇവളൊന്നും പറയില്ലെന്നും കരണത്തിനടികൊടുത്ത് ചോദിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ അടിച്ചോ, എന്തുകേസുവന്നാലും ഞാന്‍ നോക്കിക്കോളാമെന്നും ഇക്ക അവരോട് പറഞ്ഞു. അവരാരും തല്ലാന്‍ തയ്യാറായില്ല. ഇക്കാ നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ എന്റെ തുണിയഴിച്ച് പരിശോധിക്കുകയും ചെയ്തു. വീണ്ടും പണം എടുത്തോ എന്ന് ഇക്ക ചോദിച്ചപ്പോള്‍ ഞാന്‍ നിഷേധിച്ചു. പിന്നെ കരണത്ത് മാറിമാറി അടിച്ചു. ഇതോടെ വല്ലാത്ത ഭയമായി. ഇതിനിടയില്‍ ഇക്കായുടെ ഭാര്യയും മറ്റൊരു ചേച്ചിയും കൂടി ഞാന്‍ പഠിച്ചിരുന്ന നേഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തി കൂട്ടുകാരികളോട് എന്നെപറ്റി തിരക്കി. കൂട്ടുകാരികളുടെ നമ്പറും വാങ്ങി. ഇത് ഇവര്‍ക്കാക്കെ നല്‍കി. ഇക്കാ എന്റെ മുമ്പില്‍ വച്ച് ഇവര്‍ ഓരോരുത്തരെയും വിളിച്ചു. അവരാരും എന്നെക്കുറിച്ച് മോശം പറഞ്ഞില്ല. പിന്നെ എന്റെ കൂട്ടുകാരിയുടെ വാപ്പായെ വിളിച്ചു. അദ്ദേഹം ലാബിലേക്ക് വരാമെന്നും പറഞ്ഞു. വീട്ടില്‍ പോകണമെന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ ശാരീരിക ബന്ധത്തിന് സമ്മതിച്ചാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്നും വീട്ടില്‍ വിടാമെന്നും ചെവിയില്‍ പറഞ്ഞു.മൂന്നുമണിയായപ്പോള്‍ ഇക്ക 5 രൂപയുടെ സിറിഞ്ചുമായി എന്റെ അടുത്തേക്കുവന്നു. മുഖം പൊത്തി ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി, തുടയില്‍ നീഡില്‍ കുത്തിയിറക്കി.

ഫീസ്‌ നല്‍കാന്‍ പണമില്ലാത്തതിനാല്‍ പെണ്‍കുട്ടി നാസറിന്റെ കടയില്‍ നവംബര്‍ 7 മുതല്‍ പാര്‍ട്ട്‌ ടൈം  ജോലിക്കു ചേര്‍ന്നു. രാവിലെ 6.30 മുതല്‍ 10.30 വരെയായിരുന്നു ജോലിസമയം. നേരത്തെ പിതാവ് മരണപ്പെട്ട നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാവ് കൂലിവേല ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് സ്വകാര്യ കോളേജില്‍ പഠനം നടത്തുന്ന ഈ പെണ്‍കുട്ടിയും സഹോദരിയുമുള്‍പ്പെടുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത്. ജീവനക്കാരിയെ അഞ്ച് മണിക്കൂറോളം തടഞ്ഞ് വച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിയും അടിച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചും ദേഹോപദ്രവമേല്‍പ്പിച്ചതായാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ലാബ് ഉടമ നാസറിന്റെ പേരില്‍ കോതമംഗലം പോലിസ് കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം