മോഡി സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച് സംഘപരിവാറും ശിവസേനയും രംഗത്ത് ; നിശബ്ദമായി മോഡിസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംഘപരിവാറും രംഗത്തെത്തി. മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ പിന്‍താങ്ങി  ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി.

യശ്വന്ത് സിന്‍ഹ പറഞ്ഞത് തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ ശിവസേന മുഖപത്രമായ ‘സാമ്‌ന’ സര്‍ക്കാരിനെ വെല്ലുവിളിച്ചു. സത്യം തുറന്നു പറഞ്ഞതിന് എന്ത് ശിക്ഷയാകും സിന്‍ഹയെ കാത്തിരിക്കുന്നത്.
ബിജെപിയില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോള്‍ സത്യാവസ്ഥ തുറന്നുപറയാന്‍ മടിയാണ്. അങ്ങനെ ചെയ്താല്‍ ‘അപകടം’ സംഭവിക്കുമെന്ന ഭയമാണെന്നും പത്രം ആഞ്ഞടിച്ചു.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മോഡി സര്‍ക്കാര്‍ പരാജയമാണെന്ന് തുറന്നടിച്ചു. സാമ്പത്തിക തകര്‍ച്ചയ്ക്ക് ധനമന്ത്രിയെ കുറ്റപ്പെടുത്തിയ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി രാജ്യം കടുത്ത നാശത്തിലേക്കാണ്  നീങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി.

കാര്യമായ ഇടപെടലുണ്ടായില്ലെങ്കില്‍ ബാങ്കുകള്‍ പൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമെന്നും  സ്വാമി കുറ്റപ്പെടുത്തി . പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം മോഡി സര്‍ക്കാരിന് തന്നെയാണെന്ന് യശ്വന്ത് സിന്‍ഹ ആവര്‍ത്തിച്ചു.അതില്‍നിന്നു തലയൂരാന്‍ വാക്കുകള്‍ കൊണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് യശ്വന്ത് സിന്‍ഹ മോഡി സര്‍ക്കാരിനെതിരെയുള്ള  വിമര്‍ശനം നടത്തിയത്.

സാമ്പത്തിക മാന്ദ്യത്തിന് കാരണം മുന്‍ സര്‍ക്കാരുകളാണെന്ന് പറയാന്‍ 40 മാസമായി അധികാരത്തിലിരിക്കുന്നവര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് സിന്‍ഹ പറഞ്ഞു.

അക്കാലത്ത് യുപിഎയെ വിമര്‍ശിച്ചിട്ടുണ്ട്. പദ്ധതികള്‍ സ്തംഭിക്കുന്നതും ബാങ്കുകള്‍ പ്രതിസന്ധിയിലായതുമൊക്കെയാണ് വിമര്‍ശന വിധേയമായത്.

എന്‍ഡിഎ വന്നപ്പോള്‍ ഈ കാര്യങ്ങളിലെല്ലാം മാറ്റം പ്രതീക്ഷിച്ചു. യാതൊന്നുമുണ്ടായില്ല. താന്‍ ജിഎസ്ടിയെ പിന്തുണച്ചയാളാണ്. എന്നാല്‍, നടപ്പാക്കപ്പെട്ട രീതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പഠനം നടത്തി വേണമായിരുന്നു നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കാന്‍.നോട്ടു നിരോധനത്തെയും ജനങ്ങളുടെ ബുദ്ധിമുട്ടുകളെയും വ്യക്തമാക്കി.

സമ്പദ്വ്യവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇത് നടപ്പാക്കാന്‍ പാടില്ലായിരുന്നു. തുടര്‍ച്ചയായ ഈ രണ്ട് നടപടിയും സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതമേകി-സിന്‍ഹ പറഞ്ഞു.

ഇരുവരുടെയും വാക്കുകള്‍ക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. എഫ്ഡിഐ ഏറ്റവും ഉയര്‍ന്ന തോതില്‍ തുടരുകയാണെന്നും പ്രത്യക്ഷ നികുതി വരവ് 15.7 ശതമാനം അധികമാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

എന്നാല്‍ ജിഡിപി ഇടിവിനെ കുറിച്ചോ, കയറ്റുമതി തകര്‍ച്ചയെ കുറിച്ചോ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല.

മറ്റുള്ളവര്‍ ഒന്നും ചെയ്തില്ല എന്ന് വാദമുയര്‍ത്തന്‍ ഇനി മോഡി സര്‍ക്കാറിനു ഒന്നുകൂടെ ആലോചിക്കേണ്ടി വരും.സംഘപരിവാറിലും ശിവസേനയിലും ഉയര്‍ന്ന ഇത്തരം വിവാദങ്ങള്‍ മോഡി സര്‍ക്കാരിനെ വലയിക്കും.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം