ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ തന്നെ; മലയാളിയായ വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് അറസ്റ്റില്‍.

അമേരിക്കയിലെ ടെക്സസില്‍ മൂന്നുവയസുകാരി ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ തന്നെയെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് അറസ്റ്റില്‍. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്‍റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന.

ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വെസ്‍ലി മാത്യൂസിന്‍റെ പുതിയ മൊഴിയെന്താണ് എന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാലു കുടിക്കാത്തതിന് വീടിന്പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി.

അന്ന് വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിൽ വെസ്‍ലി മാത്യൂസ് മൊഴി മാറ്റി. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്.

ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുഞ്ഞിനെ വീടിനു പുറത്തിറക്കി നിര്‍ത്തിയെന്നാണ് എറണാകുളം സ്വദേശിയായ വെസ്ലി പൊലീസിനു മൊഴി നല്‍കിയിരുന്നത്. 15 മിനിറ്റിനു ശേഷം നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും പറഞ്ഞു.

പൊലീസ് കസ്റ്റഡിയിലെടുത്ത വെസ്ലിയെ പിന്നീട് ഇലക്ട്രോണിക് നിരീക്ഷണത്തോടെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്‌, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം