സര്‍ക്കാരിലോ പാര്‍ട്ടിയിലോ ബന്ധുക്കള്‍ ഇടപെടേണ്ടതില്ല; ശക്തമായ താക്കീതുമായി ശശികല

sasikala-jaya-ptiചെന്നൈ: സര്‍ക്കാരിലോ പാര്‍ട്ടിയിലോ ബന്ധുക്കള്‍ ഇടപെടേണ്ടതില്ലെന്ന് ജയലളിതയുടെ ഉറ്റതോഴി ശശികല. ഇതുസംബന്ധിച്ച് ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വച്ച്‌ തന്റെ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. ശശികലയുടെ സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം ബുധനാഴ്ച്ച നടന്ന ഈ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നുവെന്ന് പോയസ് ഗാര്‍ഡനുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഇതിന് തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വം, മറ്റു സീനിയര്‍ മന്ത്രിമാര്‍, ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പോയസ് ഗാര്‍ഡനിലെത്തി ശശികലയെ കണ്ടിരുന്നു. തന്റെ കുടുബാംഗങ്ങളില്‍ നിന്നുള്ള ഇടപെടലുകളോ നിര്‍ദേശങ്ങളോ മുഖവിലയ്ക്കെടുക്കരുതെന്ന് അവര്‍ സര്‍ക്കാര്‍ തലപ്പത്തുള്ളവരേയും അറിയിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ശശികല തുടര്‍ന്നും പോയസ് ഗാര്‍ഡിനില്‍ താമസിക്കാനാണ് സാധ്യതയെന്നും ഇപ്പോള്‍ പോയസ് ഗാര്‍ഡനില്‍ തങ്ങുന്ന അവരുടെ ബന്ധുക്കളെല്ലാം അധികം വൈകാതെ അവിടെ നിന്നൊഴിയുമെന്നുമാണ് സൂചന.

  ശശികലയുടെ അന്തരിച്ച സഹോദരന്‍ ജയരാമന്റെ ഭാര്യ ഇളവരശി മാത്രം അവര്‍ക്കൊപ്പം പോയസ് ഗാര്‍ഡനില്‍ തുടരാനാണ് സാധ്യത. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുകിയ ശശികലയ്ക്കെതിരെ ഇതിനോടകം നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്. എഐഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്ബിദുരൈ അടക്കമുള്ളവര്‍ ശശികലയുടെ നേതൃത്വത്തില്‍ അസ്വസ്ഥരാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നുണ്ട്. അതേസമയം തനിക്കും തന്റെ കുടുബാംഗങ്ങള്‍ക്കും നേരെ ഉയരുന്ന പൊതുവികാരം തണ്ണുപ്പിക്കാനുള്ള നീക്കങ്ങളാണ് ശശികല ഇപ്പോള്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികല ഏറ്റെടുക്കണമെന്ന് വ്യാഴാഴ്ച്ച നടന്ന പാര്‍ട്ടി യോഗത്തില്‍ ചിലര്‍ നിര്‍ദേശിച്ചിരുന്നു.ശശികല മുഖ്യമന്ത്രിയാവണമെന്നായിരുന്നു വേറെ ചിലരുടെ ആവശ്യം. എന്നാല്‍ ” ഏതെങ്കിലും അധികാരസ്ഥാനത്തിരിക്കാതെ തന്നെ ജനങ്ങളെ സേവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നുവെന്നാണ്’ വികാരഭരിതമായ തന്റെ മറുപടി പ്രസംഗത്തില്‍ ശശികല പറഞ്ഞത്. തന്റെ കുടുംബം സര്‍ക്കാരിനേയും പാര്‍ട്ടിയേയും നിയന്ത്രിക്കുന്ന അധികാരകേന്ദ്രമായി മാറുമെന്നുള്ള പൊതുജനവികാരമാണ് നിലവില്‍ ശശികല നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി. പാര്‍ട്ടിയുടെ സാധാരണക്കാരായ അണികള്‍ പോലും അങ്ങനെ ചിന്തിക്കുന്ന അവസ്ഥയില്‍ സര്‍ക്കാരിലോ പാര്‍ട്ടിയിലോ നിര്‍ണായക സ്ഥാനമേറ്റെടുക്കാന്‍ അവര്‍ തയ്യാറാവിലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .

  ജയലളിതയുടെ ഭൗതികദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ശശികലയും അവരുടെ ബന്ധുക്കളും അതിന് ചുറ്റും നിലയുറപ്പിച്ചത് സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജയലളിത മരിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോഴും അവരുടെ അകാല വിയോഗം സൃഷ്ടിച്ച ശൂന്യതയും ഞെട്ടലും എഐഡിഎംകെയില്‍ ബാക്കിനില്‍ക്കുകയാണ്. നിലവില്‍ കാര്യങ്ങള്‍ ശശികലയുടെ നിയന്ത്രണത്തിലാണെങ്കിലും അമ്മയുടെ പിന്‍ഗാമിയായി ചിന്നമ്മയെ കാണുവാന്‍ തമിഴ് ജനതയ്ക്കോ, എഐഎഡിഎംകെ അണികള്‍ക്കോ സാധിച്ചിട്ടില്ല. ഇതുവരെ എങ്ങനെ കാര്യങ്ങള്‍ നടന്നുവോ അങ്ങനെ തന്നെ അത് മുന്‍പോട്ട് പോകും എന്നാണ് പനീര്‍സെല്‍വം സര്‍ക്കാരിലെ ഉന്നതരെ ശശികല അറിയിച്ചത്. എന്നാല്‍ അത് എത്രകാലത്തേക്ക് എന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴര്‍ പരസ്പരം ചോദിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം