ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; ഷാഫി പറമ്പില്‍ എംഎല്‍എ ബാംഗ്ലൂരില്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുതിരക്കച്ചവടത്തിലൂടെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഷാഫി പറമ്പിലിനൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരേയും കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കര്‍ണാടകയുടെ 23 -ാമത്തെ മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിയമസഭയ്ക്ക് (വിധാന്‍ സഭ) മുന്നില്‍ കുത്തിയിരുന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഗുലാം നബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ സി വേണുഗോപാല്‍ തുടങ്ങിയവരാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

വിഷയം കോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ ജനങ്ങളുടെ അടുത്ത് പോയി ബിജെപി എങ്ങനെയാണ് ഭരണഘടനയെ തകര്‍ക്കുന്നതെന്ന് പറയുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭൂരിപക്ഷം ഉണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത നടപടിയെ തുടര്‍ന്നാണ് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം