അവളുടെ രാവുകള്‍ എന്ന ഒരൊറ്റച്ചിത്രത്തിലൂടെ ശാന്തി സീമയായി:ഐ വി ശശി സീമയെ സ്വന്തമാക്കിയതെങ്ങിനെ ?

അവളുടെ രാവുകള്‍ എന്ന ഒരൊറ്റച്ചിത്രത്തിലൂടെ ശാന്തി സീമയായി:ഐ വി ശശി സീമയെ സ്വന്തമാക്കിയതെങ്ങിനെ ?

വാന്തി ശാന്തി ജീവിതസഖിയായ കഥ

ശാന്തി എന്ന പെണ്‍കുട്ടിയെ ആദ്യമായി കാണുമ്പോള്‍ അവള്‍ക്ക് എട്ടോ ഒമ്പതോ വയസുണ്ടാവും. തങ്കപ്പന്‍ മാസ്റ്ററുടെ ഡാന്‍സ് സ്കൂളില്‍ അന്ന് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് കമലഹാസനാണ്.

വൈകുന്നേരങ്ങളില്‍ ഞാന്‍ കമലിനോടു സംസാരിക്കാന്‍ ചെല്ലുമ്പോള്‍ മെലിഞ്ഞ് കൊലുന്നനെയുള്ള പെണ്‍കുട്ടി നൃത്തത്തിനിടയില്‍ തളര്‍ന്നു വീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്നതു കാണാം. ക്ഷീണം മാറിയാല്‍ വീണ്ടും നന്നായി നൃത്തം ചെയ്യും. കമല്‍ ഇടയ്ക്കിടെ നെറ്റി ചുളിച്ച് കളിയാക്കും. ‘ഛീ… വാന്തി ശാന്തി’… എന്ന്. വാന്തി എന്നാല്‍ തമിഴില്‍ ഛര്‍ദ്ദി എന്ന് അര്‍ഥം. അവള്‍ അതു മൈന്‍ഡു ചെയ്യാതെ നടന്നുപോകും.

ഞാന്‍ പറഞ്ഞില്ലേ, ജീവിതത്തില്‍ പലപ്പോഴും സമാന്തരമായി രണ്ടു വഴികള്‍ തെളിയാറുണ്ടെന്ന്. എനിക്കാദ്യം പ്രണയം തോന്നിയത് ശ്രീദേവിയോടായിരുന്നു.

ഒരിക്കല്‍ അവളെ കാണാന്‍ ഹൈദരാബാദില്‍ ഒരു തെലുങ്കു ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ രണ്ടാം നായികയായ ശാന്തി പെണ്‍കുട്ടിയെ അവള്‍ എനിക്കു പരിചയപ്പെടുത്തി. ഇതു മലയാളത്തിലെ പെരിയ ഡയറക്ടര്‍. നിനക്കു മലയാള സിനിമയില്‍ റോള്‍ തരും. മറുപടി എടുത്തടിച്ചതു പോലെയായിരുന്നു. ‘ഒന്നു പോയാ.. നിറയെപ്പേര്‍ അപ്പടി സൊല്ലിയിരിക്ക്.’

ഒരിക്കല്‍ ഉദയാ സ്റ്റുഡിയോയില്‍ നൃത്തരംഗം ഷൂട്ട് ചെയ്യുമ്പോള്‍ നടുവില്‍ അവള്‍ മാത്രം ചെരിപ്പിട്ട് നൃത്തം ചെയ്യുന്നു. ‘ഇത്തരം കുരുത്തംകെട്ട പെണ്ണുങ്ങളെ എന്തിനു കൊണ്ടു വന്നു? എന്ന് ഞാന്‍ ദേഷ്യപ്പെട്ടു. ഇയാള്‍ എന്തിനാണ് എപ്പോഴും എന്നെ ഭരിക്കാന്‍ വരുന്നത്’ എന്ന് അവള്‍ ചീറി. ആ നിഷ്കളങ്കതയും നേരേ വാ, നേരേ പോ സ്വഭാവവും എനിക്കു വലിയ ഇഷ്ടമായി. സിനിമയില്‍ എന്നല്ല അതുവരെയുള്ള ജീവിതത്തില്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

അവളുടെ രാവുകള്‍ എന്ന ഒരൊറ്റച്ചിത്രത്തിലൂടെ ശാന്തി സീമയായി. ഒന്നാംനിര നായികമാരിലേക്ക് നക്ഷത്രംപോലെ ഉദിച്ചുയര്‍ന്നു. ഞങ്ങളുടെ അടുപ്പം അറിഞ്ഞ് എന്റെ അമ്മയാണ് നിനക്ക് സീമയെ വിവാഹം കഴിച്ചൂടെ എന്ന് ചോദിച്ചത്. 1980 ഓഗസ്റ്റ് 28ാം തീയതിയായിരുന്നു വിവാഹം. കല്യാണദിവസം കമല്‍ അവളുടെ നിറുകയില്‍ കൈ വച്ച് ചേര്‍ത്തു നിറുത്തി എന്നോടു പറഞ്ഞു. ‘ഓര്‍മയുണ്ടോ വാന്തി ശാന്തിയെ? എന്റെ പെങ്ങളാണ്, നന്നായി നോക്കിയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും.’

ഞങ്ങളുടെ മകന്‍ അനി ഇപ്പോള്‍ പ്രിയദര്‍ശന്റെ ടീമില്‍ അസോസിയേറ്റ് ഡയറക്ടര്‍. മകള്‍ അനു എംബിഎ പഠിച്ച് ഭര്‍ത്താവ് മിലന്‍ നായര്‍ക്കൊപ്പം ലണ്ടനില്‍ ജോലി ചെയ്യുന്നു. അവള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. ആരവ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം