ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകും

sasikalaചെന്നൈ: ജയലളിതയുടെ ഉറ്റ തോഴി ശശികല എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാകും.കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചർച്ചകളെ തുടർന്നാണ് പാർട്ടി നേതൃസ്‌ഥാനം ശശികല ഏറ്റെടുക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസവും മുഖ്യമന്ത്രി ഒ.പനീർശെൽവം ശശികലയുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും അവരെ വന്ന് കണ്ടിരുന്നു. തുടർന്ന് ശശികലയോട് പാർട്ടി നേതൃസ്‌ഥാനം ഏറ്റെടുക്കാൻ നേതാക്കളും മന്ത്രിമാരും ഒന്നടങ്കം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം ശശികല പാർട്ടി നേതൃസ്‌ഥാനം ഏറ്റെടുക്കുന്നതിനെതിരേ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ശശികല താമസിക്കുന്ന പോയസ് ഗാർഡന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് നീക്കി. പാർട്ടി നേതാക്കൾ പോയസ് ഗാർഡനിൽ എത്തി ആവശ്യമുന്നയിച്ചതിന് ശേഷമാണ് പ്രതിഷേധക്കാർ എത്തിയത്. അഴിമതി ആരോപണങ്ങൾ നിരവധി ഉയർന്ന ശശികലയെ പാർട്ടി നേതൃസ്‌ഥാനം ഏൽപ്പിച്ചാൽ കൂടുതൽ പ്രതിഷേധം വരും ദിനങ്ങളിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ തന്റെ പ്രതിച്ഛായ നന്നാക്കാൻ ശശികല ശ്രമം തുടങ്ങി. ആരോപണ വിധേയരായ ബന്ധുക്കളോടും ഭർത്താവിനോടും പോയസ് ഗാർഡനിൽ നിന്നും താമസം മാറാൻ ശശികല നിർദ്ദേശിച്ചു. ബന്ധുക്കൾ ഭരണത്തിൽ ഇടപെടാൻ പാടില്ലെന്നും ഇടപെട്ടാൽ മന്ത്രിമാർ ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും ശശികല മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം