മലബാറില്‍ കൂട്ടക്കൊല നടന്നത് ഗാന്ധിജി ഫണ്ട്‌ ദുരുപയോഗം ചെയ്ത് ഗിലാഫത്ത് പ്രസ്ഥാനത്തിന് നല്കിയതുകൊണ്ടാണെന്ന്‍ കെ.പി ശശികല

sasikalaതിരുവനന്തപുരം: ഗാന്ധിജി അഴിമതി നടത്തി. മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തിന് വകമാറ്റിക്കൊടുത്ത ഫണ്ടുകൊണ്ടാണ് മലബാറില്‍ കൂട്ടക്കൊല നടന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിലെ  ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് ഈ വിഷയത്തിലുള്ള തന്റെ മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി ശശികല പറഞ്ഞത്. മഹാത്മാഗാന്ധി തിലക് സ്വരാജ് ഫണ്ട് ദുരുപയോഗം ചെയ്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന് കൊടുത്തു എന്നും ആ പണം കൊണ്ടാണ് 1921 ല്‍ മലപ്പുറത്ത് കൂട്ടക്കൊല നടന്നത് എന്നുമുള്ള ശശികലയുടെ പ്രസംഗത്തെ കുറിച്ചുള്ള

അവതാരകന്റെ ചോദ്യത്തിന് ശശികലയുടെ മറുപടി ഇതായിരുന്നു.‘മഹാത്മാഗാന്ധി തിലക് സ്വരാജ് ഫണ്ട് ദുരുപയോഗം ചെയ്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന് കൊടുത്തു എന്നത് സത്യമാണ്. അത് ചരിത്രരേഖകളില്‍ വ്യക്തമാണെന്നും ശശികല പറയുന്നു. അപ്പോള്‍ താങ്കള്‍ മഹാത്മാ ഗാന്ധിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണോ എന്ന ചോദ്യത്തിന്. അഴിമതിയെന്ന് പറയുന്നില്ലെന്നുംഎന്നാല്‍ ഗാന്ധിജി പറഞ്ഞതുകൊണ്ട് മാത്രമാണ് തിലക് സ്വരാജ് ഫണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിന് വകമാറ്റിക്കൊടുത്തത് എന്നുമായിരുന്നു ശശികലയുടെ മറുപടി.

1920 ഒക്ടോബര്‍ 1 ാം തിയതിയാണ് നിസഹകരണ സമരം തുടങ്ങുന്നത്. അന്ന് തന്നെയാണ് തിലകന്‍ അന്തരിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം മാറ്റി പിറ്റേന്ന് തുടങ്ങുന്നു. അതാണ് തിലക് സ്വരാജ് ഫണ്ട് സ്വരൂപിക്കാനുണ്ടായ പെട്ടെന്നുണ്ടായ കാരണം. നിസഹകരണ സമരം തുടങ്ങുന്നതിന് സമാന്തരമായിട്ട് തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനം നടക്കുന്നത്. കോണ്‍ഗ്രസിന്റെ 1921 ലെ വിജയവാഡ സമ്മേളനമാണ് ഇങ്ങനെയൊരു ഫണ്ട് കളക്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്.  ഖിലാഫത്ത് പ്രസ്ഥാനം അതിന് സമാന്തരമായി നടന്നു എന്നതുകൊണ്ട് ഈ ഫണ്ട് അങ്ങോട്ട് വകമാറ്റി എന്ന് പറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന അവതാരകന്‍ ചോദ്യത്തിന് ‘

രണ്ടും സമാന്തരമായാണ് തുടങ്ങിയതെങ്കിലും രണ്ടും ഒന്നിച്ചാണ് നീങ്ങിയതെന്നായിരുന്നു ശശികലയുടെ മറുപടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഖിലാഫത്ത് നിസകരണ കമ്മിറ്റികളാണ് നിലവില്‍ വന്നത്. ഖിലാഫത്ത് കമ്മിറ്റി എന്ന് പറഞ്ഞിട്ട് കാര്യമായി എവിടെയും ഒരു മുന്നേറ്റവും അതിന് ഉണ്ടാക്കാനായിട്ടില്ല. എന്നാല്‍ അതിന്റെ ഭീകരവശം ഉണ്ടായത് കേരളത്തിലാണ്. രണ്ട് പ്രസ്ഥാനവും ഒന്നിച്ചാണ് ഒഴുകിയത്.  അത് ചരിത്രമാണ്. തിലക് സ്വരാജ്  ഫണ്ട് ഉപയോഗിച്ച് തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനവും നടന്നുപോയത്- ശശികല വിശദീകരിക്കുന്നു. മാര്‍ച്ച് മാസത്തിലാണ് വിജയവാഡ സമ്മേളനം നടക്കുന്നതെന്നും ജൂണ്‍ മാസത്തില്‍ മാത്രമാണ് ഫണ്ട് പിരിക്കാന്‍ തുടങ്ങിയതെന്നും രേഖകളുണ്ട് മലബാര്‍ കലാപം നടക്കുന്നത് ഓഗസ്റ്റ് മാസത്തിന് ശേഷമാണ്. അങ്ങനെ വരുമ്പോള്‍ ഇതിനിടെ എങ്ങനെ ഫണ്ട് കിട്ടും എന്ന ചോദ്യത്തിന് ഇതൊക്കെ വെറും കുയുക്തികളാണെന്നും മൂന്ന് മാസം വേണ്ട, ഒരു ദിവസം മതി ഫണ്ട് പിരിക്കാനെന്നായിരുന്നു ശശികലയുടെ മറുപടി.

ഖിലാഫത്ത് കമ്മിറ്റിക്ക് ഫണ്ട് കിട്ടിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് അന്വേഷിക്കാം. നിങ്ങള്‍ സത്യം കണ്ടില്ലെന്നും ശശികല മറുപടിയില്‍ പറയുന്നു. തിലക് സ്വരാജ് ഫണ്ട് എടുത്ത് കൂട്ടക്കൊല നടത്താന്‍ കൊടുത്തു എന്നാണോ താങ്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് പ്രസംഗിക്കുന്നതും സംസാരിക്കുന്നതും രണ്ടും രണ്ട് ഭാഷയാണെന്നും തര്‍ക്കത്തിന് വേണ്ടി പലതും ചോദിക്കാമെന്നുമായിരുന്നു മറുപടി.ഓരോ പ്രസംഗവും സൂചനമാത്രമാണെന്നും തീരുമാനമല്ലെന്നും ശശികല പറയുന്നു. പ്രസംഗം കൊണ്ട് തീരുമാനം പറയാന്‍ പറ്റില്ല. സൂചന കൊടുക്കാം. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ചരിത്രത്തില്‍ ഇങ്ങനേയും ചില വസ്തുതകള്‍ ഉണ്ടെന്നാണ് തന്റെ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്ക് സൂചന നല്‍കിയത്.

വസ്തുതാപരമായി കണക്കുകളില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. അല്ലാതെ ആശയമോ ആദര്‍ശമോ തിരുത്തില്ല. ഞാന്‍ പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച് ഉറപ്പിച്ച പറഞ്ഞതാണെന്നും ശശികല പറയുന്നു. വല്ലപ്പുഴ പാക്കിസ്ഥാനാണെന്ന പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് വല്ലപ്പുഴയ്ക്ക് തുല്യമാണ് പാക്കിസ്ഥാന്‍ എന്നാണ് താന്‍ പറഞ്ഞതെന്നും അത് വല്ലപ്പുഴയെ അപമാനിക്കുന്നതല്ലെന്നുമായിരുന്നു ശശികലയുടെ മറുപടി. ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് പാക്കിസ്ഥാന്‍. വല്ലപ്പുഴയെ സ്‌നേഹിക്കുന്നതുപോലെ പാക്കിസ്ഥാനെയും സ്‌നേഹിക്കുന്നു. താരതമ്യത്തിന് ഇന്ത്യയ്ക്ക് അകത്തുള്ള പ്രദേശങ്ങളെ എടുക്കാവൂ എന്നൊന്നും ഇല്ലല്ലോ എന്നും വിദ്വേഷം എന്ന് എന്റെ പ്രസംഗത്തെ പറയാന്‍ പറ്റില്ലെന്നും താന്‍ ചില വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നുമായിരുന്നു ടീച്ചറുടെ മറുപടി.

ഹിന്ദുവിന്റെ സൗമനസ്യകൊണ്ട് ജീവിക്കുന്നവരാണ് മുസ്‌ലീങ്ങള്‍ എന്ന് താങ്കള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് ഏത് സാഹചര്യത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് നോക്കണമെന്നുമായിരുന്നു ശശികലയുടെ മറുപടി. സൗമനസ്യം എന്നൊന്നും  താന്‍ പറഞ്ഞിട്ടില്ലെന്നും യുട്യൂബില്‍ ഉള്ള പ്രസംഗം അവിടെ നിന്നും ഇവിടെ നിന്നും എടുത്ത് കേട്ടാല്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്നും ശശികല മറുപടിയില്‍ പറയുന്നു.

ഹിന്ദു ഉണര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ഇവര്‍ക്ക് അറിയുമോ? ഹിന്ദു മനസില്‍ വിചാരിച്ചാല്‍ ഇവരൊന്നും പള്ളിയുടെ അടുത്തുകൂടി നടക്കില്ല എന്നും താങ്കള്‍ ഒരു പ്രസംഗത്തിനിടെ പറയുന്നു. ഇത് വെല്ലുവിളിയല്ലേ എന്ന ചോദ്യത്തിന് അതിന് ഹിന്ദു ഒന്നും മനസില്‍ വിചാരിച്ചില്ലല്ലോ എന്നായിരുന്നു ശശികലയുടെ മറുപടി. പ്രസംഗങ്ങളില്‍ പറയുന്ന പലതും ഭീഷണി മാത്രമാണെന്നും ശശികല പറയുന്നു. കൃത്യമായ മുന്‍വിധിയുള്ള താങ്കളെപ്പോലുള്ള ഒരാള്‍ക്ക്  എങ്ങനെ ഒരു ചിരിത്രാധ്യാപികയാവാന്‍ പറ്റും എന്ന ചോദ്യത്തിന് ഇന്ത്യയിലെ ചരിത്ര പുസ്തകം എന്നേക്കാള്‍ മുന്‍വിധിയുള്ളവര്‍ എഴുതിയതാണല്ലോ എന്നായിരുന്നു ശശികലയുടെ മറുപടി.

ഇന്ത്യയുടെ ദേശീയ പതാകയെ കുറിച്ച് താങ്കളുടെ പ്രസംഗത്തില്‍ പറയുന്നത് മൂന്ന് കഷണം തുന്നിക്കെട്ടിയ തുണിയാണെന്നാണ്. കോണ്‍ഗ്രസ് ഇങ്ങനെ ഒരു ദേശീയ പതാക നിര്‍മിക്കാന്‍ ഒരുങ്ങുമ്പോള്‍ ആ കമ്മിറ്റിയിലെ എല്ലാവരും കാവിയാണ് വേണ്ടത് എന്ന് നിര്‍ദേശിച്ചു എന്നും അത് തള്ളി എന്നും താങ്കള്‍ പറയുന്നു. ഏത് ചരിത്രവസ്തുതയുടെ അടിസ്ഥാനത്തിലാണ് താങ്കളുടെ ഈ പരാമര്‍ശം, എന്ന ചോദ്യത്തിന്. അന്ന് ഏഴ് അംഗങ്ങളുള്ള പതാക നിര്‍ണയ കമ്മിറ്റി ഉണ്ടായിരുന്നെന്നും പതാക നിര്‍ണയ കമ്മിറ്റിയിലെ ഒരാള്‍ പോലും ഇത്തരമൊരു പതാകയെ സജസ്റ്റ് ചെയ്തിട്ടില്ലെന്നും എല്ലാവരും കാവി മതിയെന്നായിരുന്നു പറഞ്ഞതെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും ശശികല വാദിക്കുന്നു.

1947 ലാണ് കോണ്‍സ്റ്റിയുറ്റിയന്റ് അസംബ്ലി സ്വതന്ത്ര ഇന്ത്യയ്ക്ക് പതാക നിര്‍മിക്കാന്‍ അഡ്‌ഹോക്ക് സമിതിയെ വെക്കുന്നത്. രാജേന്ദ്രപ്രസാദ്, സരോജിനി നായിഡു, അംബേദ്ക്കര്‍ തുടങ്ങിയവര്‍ ഏകകണ്ഠമായാണ് ത്രിവര്‍ണപതാകയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതില്‍ ആരും കാവി വേണമെന്ന പറഞ്ഞതായി രേഖകളില്‍ കാണുന്നില്ലെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍സ്റ്റിയുറ്റന്റ് അസംബ്ലിയിലെ ചര്‍ച്ചയില്‍ എവിടെയാണ് കാവി വേണമെന്ന് അവര്‍ പറഞ്ഞത് എന്ന ചോദ്യത്തിന് അവരുടെ അഭിപ്രായം കാവി വേണമെന്നായിരുന്നെന്നും ഇത് രേഖകളില്‍ തിരുത്തിയതാണെന്നും ശശികല വാദിക്കുന്നു.

ചര്‍ച്ചകളില്‍ എന്ത് തന്നെ പറഞ്ഞാലും നിര്‍ദേശത്തെ അട്ടിമറിച്ചുകൊണ്ടുള്ള മറ്റൊരു നിര്‍ദേശമാണ് ത്രിവര്‍ണ പതാകയുടെ കാര്യത്തില്‍ ഉണ്ടായതെന്നുമായിരുന്നു ശശികലയുടെ മറുപടി.ജനഗണമന ബ്രീട്ടീഷ് രാജാവിനെ സ്വീകരിക്കാന്‍ എഴുതിയ സ്തുതി ഗീതമാണെന്നും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ വരവുമായി ബന്ധപ്പെട്ടാണ് അത് രചിച്ചതെന്നുമുള്ള നിലപാടിലും ശശികല ഉറച്ചുനിന്നു. എന്നാല്‍ അതല്ല ചരിത്രം പറയുന്നതെന്നും ചരിത്രത്തെ വളച്ചൊടിക്കാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് ചിലര്‍ എഴുതിവെച്ചത് മാത്രമല്ല ചരിത്രമെന്നും ചരിത്രമാക്കാന്‍ വേണ്ടിയുള്ള ചില സംഭവങ്ങള്‍ ഇതിനിടയില്‍ നടന്നിട്ടുണ്ടെന്നും ശശികല ആരോപിക്കുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം