തോമസ്‌ ചാണ്ടിയുടെ രാജി അന്തിമ തീരുമാനം ശരത് പവാര്‍ എടുക്കും

web- desk

മന്ത്രി തോമസ് ചാണ്ടിരാജിവയ്ക്കണോയെന്ന അന്തിമ തീരുമാനമെടുക്കുക കേന്ദ്ര അധ്യക്ഷൻ ശരദ് പവാറായിരിക്കുമെന്നാണ് സൂചന.രാജി പരമാവധി നീട്ടാനുള്ള എന്‍. സി പി യുടെ ശ്രമത്തിന്‍റെ ഭാഗമാണിത്. ഇതിനുമുന്നോടിയായി പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തോമസ് ചാണ്ടിയുടെ രാജിയുണ്ടായാല്‍ മന്ത്രിസഭയില്‍ എന്‍സിപി പ്രാതിനിധ്യം നഷ്ടപ്പെടുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്. ഇതിലടക്കം വ്യക്തത ഉണ്ടായശേഷമേ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

പുതിയ മന്ത്രി അധികാരത്തിലേറുന്നതു നീണ്ടുപോയാൽ മന്ത്രിസ്ഥാനം നഷ്ടമാകുമോയെന്നാണ് ആശങ്ക. അങ്ങനെയൊരു സാഹചര്യമൊഴിവാക്കണം എന്നു ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായെത്തിയാൽ തോമസ് ചാണ്ടി മാറിക്കൊടുക്കുമെന്ന ധാരണ നേരത്തേയുണ്ട്. ഫോൺകെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷൻ ഉടൻ റിപ്പോർട്ടു നൽകുമെന്നാണ് എൻസിപിയുടെ പ്രതീക്ഷ. എന്നാൽ ശശീന്ദ്രനെതിരായ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന പെൺകുട്ടിയുടെ ഹർജി ഇനി ഹൈക്കോടതി 24നെ പരിഗണിക്കൂ.

അതേസമയം കലക്ടറുടെ റിപ്പോര്‍ട്ടു തെറ്റാണെന്നും കോടതിയില്‍നിന്നു വ്യക്തത വന്നശേഷമേ മറ്റു തീരുമാനങ്ങള്‍ ഉണ്ടാകുവെന്നും സംസ്ഥാന നേതൃത്വം ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലുളള മന്ത്രി തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും വിവിധ തലങ്ങളില്‍ ആശയവിനിമയം നടത്തുന്നുണ്ട്. കേസ് നാളെ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍നിന്നു മുതിര്‍ന്ന അഭിഭാഷകനെ എത്തിച്ചു പ്രതിരോധിക്കാനും തോമസ് ചാണ്ടി നീക്കം നടത്തുന്നുണ്ട്.

ഹൈക്കോടതിയിൽനിന്ന് എതിരായ തീരുമാനമോ പരാമർശമോ വന്നാൽ ഉടൻ രാജി വയ്ക്കേണ്ടിവരും. ഈ വിഷമസ്ഥിതിയിലാണു നാളെ പാർട്ടി നേതൃത്വം യോഗം ചേരുന്നത്. തീരുമാനം നീണ്ടുപോയാൽ പരസ്യമായി രാജി ആവശ്യപ്പെടുമെന്നു സിപിഐ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം