കാര്യ സാധ്യത്തിന് ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതി: ഉമ്മന്‍ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെ അകത്താകുമോ ?

തിരുവനന്തപുരം: കാര്യം സാധിച്ചെടുക്കാന്‍ ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാമെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും സോളാര്‍ കമീഷന്‍ വ്യക്തമാക്കി.

സരിതാ നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നു

സരിതാ നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സരിത തന്റെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനും കമീഷന്‍ ശുപാര്‍ശ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം എന്നിവ വകുപ്പുകള്‍ പ്രകാരം കേസ്.

തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ല്‍ എഴുതിയിരുന്നു. 2014 ഏപ്രില്‍ മൂന്നിനാണ് കത്ത് പുറത്തുവന്നത്. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് സരിത ഈ കത്ത് എഴുതിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, ജോസ് കെ.മാണി എംപി, ഐ.ജി പത്മകുമാര്‍ എന്നിവരുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് വിവരങ്ങള്‍.

സോളാര്‍ തട്ടിപ്പുക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയാണെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കും. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും.

കേസ് ഒതുക്കി തീര്‍ക്കുന്നതിനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനും വഴിവിട്ട നീക്കങ്ങള്‍ നടത്തിയതിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിയാക്കുന്നത്. ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായമാകുന്ന നിലപാടെടുത്തതിനാണ് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും വകുപ്പുതല അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് കേസെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട വര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും.

കേസില്‍ ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമുള്ള പങ്ക് വ്യക്തമായി. ടീം സോളാറിനും സരിത നായര്‍ക്കും വേണ്ടി ഇവര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായും ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതായും പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പുറമെ സഹായികളായ ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ്, കുരുവിള എന്നിവക്കെതിരെയും കേസെടുക്കും.

ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാന്‍ ശ്രമിച്ച മുന്‍ എംഎല്‍എമാരായ തമ്പാന്നൂര്‍ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം