തന്‍റെ മൂത്ത മകനെ കേരളാ ടീമില്‍ എടുത്തില്ലെങ്കില്‍ കത്തിയുമായി പള്ളയ്ക്ക് കയറ്റും; സഞ്ജു വി സാംസണിന്‍റെ പിതാവ്

തിരുവനന്തപുരം: തന്‍റെ മൂത്ത മകനെ കേരളാ ടീമില്‍ എടുത്തില്ലെങ്കില്‍ കത്തിയുമായി പള്ളയ്ക്ക് കയറ്റുമെന്ന്  സഞ്ജു വി സാംസണിന്‍റെ പിതാവ്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്കിന് പുല്ലുവില നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെ പിതാവ് വിശ്വനാഥന്‍ വീണ്ടും അസോസിയേഷന്റെ ആസ്ഥാനത്ത് അതിക്രമിച്ച്‌ കയറി ജീവനക്കാരെ അസഭ്യം പറഞ്ഞത്.

  സഞ്ജുവിന്റേ ചേട്ടനായ സാലി വി സാംസണെ കേരളാ ടീമിലെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. സാലിയെ ടീമിലെടുത്തില്ലെങ്കില്‍ പായും തലയിണയുമായി വന്ന് അനിശ്ചിതകാല സത്യാഗ്രഹം കെസിഎയ്ക്ക് മുമ്പില്‍ തുടങ്ങുമെന്നാണ് വിശ്വനാഥിന്റെ ഭീഷണി. കത്തിയുമായെത്തി ചിലരുടെ പള്ളയ്ക്ക്  കയറ്റുമെന്നും മര്യാദയ്ക്ക് തന്റെ മൂത്ത മകനെ കേരളാ ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് വിശ്വനാഥിന്റെ ഭീഷണി. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയങ്ങളിലും ഓഫീസിലും കയറരുതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരേയും ഭീഷണിപ്പെടുത്തുകയോ ഇടപെടല്‍ നടത്തുകയോ ചെയ്യരുതെന്നും കെഎസിഎയുടെ താക്കീത് ഉണ്ടായിരുന്നു.  ഒരു മാസത്തിനുള്ളില്‍ തന്നെ ഇത്  വിശ്വനാഥ് ലംഘിച്ചു. ഇതോടെ മക്കള്‍ക്ക് വേണ്ടിയെന്ന തരത്തില്‍ കെസിഎയെ വെല്ലുവിളിക്കുന്ന വിശ്വനാഥ് കെസിഎയ്ക്ക് തലവേദനയാവുകയാണ്. ഇത് സഞ്ജുവിനേയും ബാധിക്കുമെന്ന വിലയിരുത്തല്‍ കേരളാ ക്രിക്കറ്റില്‍ സജീവമാണ്. സഞ്ജുവിനേയും സാലിയേയും പോലും വിലക്കുന്ന അവസ്ഥയിലേക്ക് സഞ്ജുവിന്റെ അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ എത്തുകയാണ്. വിശ്വനാഥന്‍ കെസിഎ ആസ്ഥാനത്ത് എത്തി ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും കെസിഎ നടപടിയൊന്നും എടുത്തിട്ടില്ല. പൊലീസിന് പരാതി നല്‍കാത്തത് ശരിയായില്ലെന്ന അഭിപ്രായവും കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ സജീവമാണ്.

 അപ്രതീക്ഷിതമായാണ് വിശ്വനാഥന്‍ രണ്ട് ദിവസം മുന്‍പ്  കെസിഎ ആസ്ഥാനത്ത് എത്തിയത്. ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. തീര്‍ത്തും അസഭ്യവര്‍ഷമാണ് നടത്തിയത്. തന്റെ മകന്‍ സാലിയെ അണ്ടര്‍ 25 ക്രിക്കറ്റ് ടീമില്‍ എടുത്തില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കെസിഎ ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹമെന്നായിരുന്നു ഭീഷണി. തന്റെ മക്കളെ കേരളാ ടീമില്‍ നിന്ന് പുറത്താക്കുന്നവരെയെല്ലാം പാഠം പഠിപ്പിക്കുമെന്നും ഭീഷണി മുഴക്കി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഈ ഭീഷണിയെ ഗൗരവമായെടുക്കാത്തത് ഭാവിയിലും ഇത്തരക്കാര്‍ക്ക് അക്രമം കാട്ടാന്‍ പ്രേരണ നല്‍കുമെന്നാണ് വിലയിരുത്തല്‍. സഞ്ജുവിനേടും സാലിയേയും ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത് ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായ വിശ്വനാഥായിരുന്നു. ഡല്‍ഹിക്കായി സന്തോഷ് ട്രോഫി കളിച്ച വിശ്വനാഥ് മക്കളെ ക്രിക്കറ്റ് താരമാക്കാന്‍ ജോലി രാജിവച്ച്‌ കേരളത്തിലെത്തുകയായിരുന്നു. സാലിയും സഞ്ജുവും തിരുവനന്തപുരത്ത് പരിശീലനവും തുടങ്ങി
സഞ്ജുവിന്റെ മികവ് വേഗത്തില്‍ അംഗീകരിക്കപ്പെട്ടു. സാലിയും മികച്ച ഓള്‍ റൗണ്ടറായിരുന്നു. കേരളത്തിന്റെ അണ്ടര്‍ 22 ടീം ഉള്‍പ്പെടെ പലതിലും കളിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മികവ് കാട്ടാനായില്ല. അതുകൊണ്ട് തന്നെ സാലിയെ അണ്ടര്‍ 25 ടീമില്‍ ഉള്‍പ്പെടുത്താനുമായില്ല. കഴിവും പ്രകടനവും മാത്രമാണ് മാനദണ്ഡമാക്കിയത്. ഇതിനെ വിവാദത്തിലാക്കാനും ഭീഷണി മുഴക്കി കാര്യം സാധിക്കാനും ആരു ശ്രമിച്ചാലും അനുവദിക്കിരുതെന്നുമാണ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം