കൊടുങ്ങല്ലൂരില്‍ പന്തയത്തില്‍ തോറ്റ സിപിഎം പ്രവര്‍ത്തകനെ കെട്ടിയിട്ട് ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചെടുത്തു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പന്തയത്തില്‍ തോറ്റ സിപിഎം പ്രവര്‍ത്തകനെ കെട്ടിയിട്ട് ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചെടുത്തു . കരിശാംകുളം കണ്ണന്റെ പാതിമീശ ബിജെപി പ്രവര്‍ത്തകര്‍ ബലമായി വടിച്ചു നീക്കിയത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പന്തയത്തിന്റെ പേരിലാണ് എട്ട് മാസത്തിന് ശേഷം ബിജെപിക്കാരുടെ അക്രമം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് കണ്ണന്‍ ബിജെപി പ്രവര്‍ത്തകരുമായി പന്തയം വെച്ചിരുന്നു. എന്നാല്‍ നേമത്ത് ഒ രാജഗോപാല്‍ ജയിച്ചതോടെ പന്തയത്തില്‍ കണ്ണന്‍ തോറ്റു. പക്ഷേ മീശ വടിക്കുന്ന കാര്യം ചര്‍ച്ചയായില്ല. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിജെപിക്കാര്‍ ഈ മധ്യവയസ്‌കനായ മനുഷ്യനോട് അക്രമം കാട്ടിയത്. പാചകക്കാരനായ കണ്ണനെ ഇന്നലെ ഉച്ചയ്ക്ക് കരിശാംകുളത്ത് വെച്ച് ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍ കൈ പിറകിലേക്ക് ബലമായി പിടിച്ചുവെച്ച ശേഷം പാതിമീശ വടിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ ബിനേഷ്, ശിവന്‍, സനു, രതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ തന്നെ അഴീക്കോട് ഒരു കൂട്ടം സദാചാര ഗുണ്ടകള്‍ യുവാവിനെ നഗ്നനാക്കി വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ചായിരുന്നു ക്രൂരത. ഇവര്‍ നഗ്നനായ യുവാവിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം