ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടഞ്ഞ് പ്രതിഷേധക്കാര്‍

നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരെ തടഞ്ഞ് പ്രതിഷേധക്കാര്‍ രംഗത്ത്. ആചാരസംരക്ഷണ സമിതി എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം ഭക്തര്‍ അതു വഴി കടന്നു പോവുന്ന വാഹനങ്ങള്‍ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ്. സംഘത്തിലെ വനിതകളാണ് വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്.വനിതാ മാധ്യമപ്രവര്‍ത്തകരെയും സ്തീകള്‍ തടയുന്നുണ്ട്.

ആചാരസംരക്ഷണസമിതിയുടെ സമരം ഇവിടെ പത്ത് ദിവസം പിന്നിടുകയാണ്. വിധി ഉണ്ടെങ്കിലും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആരേയും ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് ഇവിടെ തന്പടിച്ച ഭക്തര്‍. നിലയ്ക്കലിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും സ്ത്രീകള്‍ തടയുന്നുണ്ട്. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരെ മല കയറ്റാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ച ഇവര്‍ യാത്രാക്കാരെ ഇക്കാര്യം പറഞ്ഞു ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്.

അതേസമയം നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ നിലയ്ക്കല്‍, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകള്‍ പന്പയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം.

മറുവശത്ത് പൊലീസ് ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിലയക്കലിലും പന്പയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും.

സന്നിധാനത്തും പമ്പയിലും ഒരുതരത്തിലുള്ള സംഘര്‍ഷത്തിനും ഇടം കൊടുക്കരതെന്നും കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. പ്രത്യേക സുരക്ഷ മേഖലയിൽ പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ്മുന്നറിയിപ്പ് നല്‍കുന്നുണ്ട് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി
പത്തനംതിട്ട ജില്ലയിൽ പ്രത്യേക പട്രോളിംഗും നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം