ഞാന്‍ ഒരു സാമൂഹ്യജീവിയാണ്: എനിക്ക് പറയാനുള്ളത് പറയും; റിമ കല്ലിങ്കല്‍

rimaസാമൂഹിക പ്രശ്നങ്ങളില്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രതികരിക്കുന്ന താരദമ്പതികളാണ്  റിമ കല്ലിങ്കലും ആഷിഖ് അബുവും. എന്നാല്‍ ഇവരുടെ ചില പ്രതികരണങ്ങള്‍ക്ക് ഏറെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുകയാണ് താരം. താന്‍ ഒരു സാമൂഹ്യജീവിയാണെന്നും സാമൂഹിക പ്രശ്നങ്ങള്‍ തന്നെ കൂടി ബാധിക്കുന്നതാണെന്നും അവിടെ വെറും കാഴ്ചക്കാരിയായില്‍ നില്‍ക്കേണ്ട കാര്യമില്ലെന്നും നടി ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തുടക്കത്തില്‍ ചിലരുടെ പ്രതികരണങ്ങള്‍ പലപ്പോഴും തന്നെ വിഷമിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെ നേരിടാനുള്ള കരുത്താര്‍ജ്ജിച്ചെടുത്തിട്ടുണ്ട്.

അഭിനേത്രി എന്നതിനപ്പുറം ഞാനൊരു സാമൂഹ്യജീവിയാണ്. പിന്നെ ഇവിടെ ഒരു നിയമമുണ്ടായാല്‍,സോഷ്യല്‍ ഇഷ്യൂ ഉണ്ടായാല്‍ അത് എന്നെക്കൂടി ബാധിക്കുന്ന കാര്യമാണ്. അവിടെ കാഴ്ചക്കാരായി നില്‍ക്കേണ്ടതില്ല എന്ന് തോന്നുമ്പോഴാണ് പ്രതികരിക്കുന്നത്. പക്ഷേ അത് പോസിറ്റീവായി എടുക്കുന്നവര്‍ കുറവാണ്. അഭിനയം എന്നത് എന്റെ പ്രൊഫഷന്‍ മാത്രമാണ്. എന്നോട് പ്രതികരിക്കേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. നിങ്ങള്‍ നടിയല്ലേ നിങ്ങള്‍ക്ക് നിങ്ങളുടെ പണിയെടുത്താല്‍ പോരേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അതൊന്നും എന്നെ ബാധിക്കുന്നേയില്ല. പെട്ടെന്നൊരു ദിവസം സിനിമയിലെത്തിയപ്പോള്‍ എനിക്കുണ്ടായതല്ല ഈ പ്രതികരണശേഷി. എന്നെ വളര്‍ത്തിയെടുത്തത് അങ്ങനെയാണ്. അതുകൊണ്ട് തന്നെ എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉച്ചത്തില്‍ പറയുക തന്നെ ചെയ്യും.

പലപ്പോഴും ഭയങ്കര സങ്കടം തോന്നിയിട്ടുണ്ട് ചില പ്രതികരണങ്ങളും ആക്ഷേപങ്ങളും കാണുമ്പോള്‍. പക്ഷേ ഇപ്പോ ഇതൊന്നും ബാധിക്കാറില്ല, ആറ് വര്‍ഷം കൊണ്ട് ഇതിനെ നേരിടാനുള്ള കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. പക്ഷേ തുടക്കത്തില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ പ്രചരണങ്ങളുമെല്ലാം വേദനിപ്പിച്ചിട്ടുണ്ട്. എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്. എന്റെ വീക്ഷണങ്ങള്‍ക്കൊപ്പം ജീവിക്കുന്നയാളാണ് ഞാന്‍. എന്റെ സ്വാതന്ത്ര്യത്തെയോ കാഴ്ചപ്പാടുകളെയോ ചോദ്യം ചെയ്യാത്ത സാഹചര്യത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്നോട് എന്റെ അച്ഛനോ അമ്മയോ പറയാത്ത കാര്യങ്ങളാണ് ചുറ്റുമുള്ള ചിലരില്‍ നിന്ന് ഉപദേശങ്ങളായും ആക്ഷേപങ്ങളായും കേള്‍ക്കേണ്ടിവരുന്നത്. പക്ഷേ പുതിയതായി വരുന്നവര്‍ക്ക് ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്. നേരിടാനുള്ള മാനസികധൈര്യമൊന്നും അവര്‍ക്കുണ്ടാകണമെന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം