ചെങ്കണ്ണ്‍ ലക്ഷണങ്ങളും പ്രതിവിധിയും

red eye
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ചെങ്കണ്ണ് രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നു.  രോഗം അത്ര മാരകമല്ലെങ്കിലും പിടിപെട്ടാല്‍ രണ്ടാഴ്ചയോളം തീര്‍ത്തും അസ്വസ്ഥമാകുന്ന അവസ്ഥയാണിത്. വിവിധ തരത്തില്‍ ചെങ്കണ്ണ് രോഗം പിടിപെടാമെങ്കിലും ഈ സീസണില്‍ കണ്ടുവരുന്ന ചെങ്കണ്ണിന്റെ ഹേതു വൈറല്‍ ഇന്‍ഫക്ഷനാണ്. മുന്‍ കരുതല്‍ കൊണ്ട് അകറ്റി നിര്‍ത്താവുന്ന ചെങ്കണ്ണ് രോഗം പിടിപെട്ടയാളെ കണ്ടാല്‍ പകരുമെന്ന ധാരണ തെറ്റാണ്. എന്നാല്‍, രോഗി ഉപയോഗിച്ച വസ്തുവോ സ്ഥലമോ മറ്റൊരാള്‍ ഉപയോഗിക്കുക വഴി രോഗം പകരും. സാധാരണയായി ഒരാളില്‍ രോഗം പിടിപെട്ടാല്‍ ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയാണ് നിലനില്‍ക്കുക. രോഗാവസ്ഥ ഭേദമാകുന്നത് വരെ അഥവാ കണ്ണിന്റെ ചുവപ്പ് മാറുന്നത് വരെ മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. വൈറസ് ബാധിച്ചാല്‍ രണ്ട് മൂന്ന് ദിവസത്തിനകം രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ലക്ഷണങ്ങള്‍ കണ്ണില്‍ നിന്ന് വെള്ളൊലിപ്പ്, പോള വീക്കം, കണ്ണില്‍ കരട് പോയതു പോലെയുള്ള സ്ഥിതി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ രോഗബാധിതരില്‍ 30 ശതമാനത്തോളം പേര്‍ക്ക് രോഗബാധ കൃഷ്ണമണിക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. കൃഷ്ണമണിയില്‍ നീര്‍ക്കെട്ട് ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗിക്ക് വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസമായിരിക്കും. കൂടാതെ, കണ്ണ് തുറക്കാന്‍ കഴിയില്ല. നേരത്തെ കണ്ടുവന്നിരുന്ന ചെങ്കണ്ണ് രോഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ ചെങ്കണ്ണ് ബാധിതര്‍ക്ക് കണ്ണിന്റെ വെള്ളയില്‍ ചുകപ്പിനൊപ്പം രക്ത തുള്ളിയും കണ്ടു വരുന്നു. ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗബാധയുണ്ടാവുന്ന അവസ്ഥയുമുണ്ട്. ശക്തിയായ വേദനയും ചുകപ്പും അനുഭവപ്പെട്ടാല്‍ തന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് നല്ലത്. പ്രായം ചെന്നവര്‍, നിത്യ രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിവര്‍ക്ക് ചെങ്കണ്ണ് രോഗത്തിന്റെ വ്യാപ്തി പെട്ടെന്ന് വര്‍ധിക്കാനിടയുണ്ട്. ഇത്തരത്തിലുള്ളവര്‍ പെട്ടെന്ന് തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം. പ്രതിവിധി രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കലാണ് രോഗബാധ വ്യാപിക്കാതിരിക്കാനുള്ള ഏറ്റവും പ്രായോഗികമായ രീതി. തോര്‍ത്ത് മുണ്ട്, തൂവാല പോലുള്ളവ രോഗി വേറെ തന്നെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ രോഗിക്ക് കണ്ണ് തുടക്കാന്‍ ടിഷ്യൂ പേപ്പറാണ് നല്ലത്. കൂടാതെ പാത്രങ്ങള്‍, ബാത്ത് റൂമിലെ സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രോഗി ഉപയോഗിക്കുന്ന മരുന്ന് കുപ്പി മറ്റുള്ളവര്‍ തൊടുന്നത് രോഗ ബാധക്ക് ഇടയാക്കുന്നുണ്ട്. രോഗി ഇടക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് രോഗ ബാധ തടയാന്‍ നല്ലതാണ്. വീട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന കണ്ണടയും കണ്‍മഷിക്കുപ്പിയും ചെങ്കണ്ണ് രോഗികള്‍ ഒഴിവാക്കുകയാണുത്തമം. കൂടാതെ, പൊതു നീന്തല്‍ക്കുളം പോലെയുള്ള ശുചീകരണ സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് രോഗ വ്യാപനത്തെ തടയാന്‍ സഹായിക്കും. കുടുംബത്തിലെ ഒരാള്‍ക്ക് കണ്ണില്‍ ഒഴിക്കാന്‍ നല്‍കുന്ന തുള്ളിമരുന്ന് മറ്റുള്ളവരും ഉപയോഗിക്കുന്നത് നല്ലതല്ല. ഡോക്ടറെ കാണിച്ച് വേറെ തന്നെ വാങ്ങുന്നതാണ് ഉത്തമം. രോഗാവസ്ഥയുടെ കാഠിന്യത്തിനനുസരിച്ചായിരിക്കും ഡോക്ടര്‍ തുള്ളിമരുന്ന് ഓരോരുത്തര്‍ക്കും നിശ്ചയിക്കുക. പോള വീക്കമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി പുറത്തുകൂടെ തടവുന്നത് നല്ലതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം