കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കുന്ന വീഡിയോയുമായി കുറ്റാരോപിതനായ യുവാവ്

ന്യൂ ഡല്‍ഹി:  കൂട്ട ബലാല്‍സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുന്നതിന്റെ ദൃശ്യങ്ങളുമായി കുറ്റാരോപിതന്‍ കോടതിയിലെത്തിയത് കണ്ടാണ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി ജഡ്ജി ഞെട്ടല്‍ രേഖപ്പെടുത്തിയത്. തന്റെ നിരപരാധിത്വം തെളിയിച്ച് ജാമ്യം നേടാനാണ് കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ വീഡിയോ കുറ്റാരോപിതന്‍ പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി പകര്‍ത്തുന്ന ദൃശ്യങ്ങളാണ് പ്രതി അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ കാണിച്ചത്.

ഇരയുടെ വിവരങ്ങളും മുഖവും വെളിപ്പെടുത്തരുതെന്ന് നിയമമുള്ള നാട്ടില്‍ പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിന്റെ ഞെട്ടല്‍ കോടതി പങ്കുവെച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തുന്ന വീഡിയോ എവിടെ നിന്ന് ലഭിച്ചുവെന്ന് പ്രതിയോട് ചോദിച്ച കോടതി ഒരു കാരണവശാലും ജാമ്യം നല്‍കില്ലെന്ന് തുറന്നടിച്ചു. യൂട്യൂബില്‍ നിന്നാണ് വീഡിയോ കിട്ടയതെന്നായിരുന്നു പ്രതിയുടെ മറുപടി.

15 വയസുകാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലുള്ള ഹോട്ടലില്‍ നവംബര്‍ മൂന്നിനാണ് 3 പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തത്. പരിചയമുള്ള ഒരാളെ കാണുന്നതിന് ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ അയാളും കൂട്ടുകാരും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ഹോട്ടലിന്റെ ഉടമയും മാനേജറുമായ വ്യക്തിയാണ് കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്ന് കാണിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ വീഡിയോയുമായി കോടതിയിലെത്തിയത്.മൊഴിയില്‍ പെണ്‍കുട്ടി തന്റെ പങ്കിനെ കുറിച്ച് പറയുന്നില്ലെന്നാണ് ഹോട്ടലുടമയുടെ വാദം.

10ാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ മൊഴി സിആര്‍പിസി 161ാം സെക്ഷന്‍ പ്രകാരം പഹര്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. മൊഴിയില്‍ പെണ്‍കുട്ടി തന്നേകുറിച്ച് ഒന്നും പറയുന്നില്ലെന്ന് സ്ഥാപിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ വീഡിയോയുമായി കുറ്റാരോപിതന്‍ കോടതിയിലെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം