പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്;എ.എസ്.ഐ കീഴടങ്ങി

കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്.നാസര്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതുടര്‍ന്നാണ് കീഴടങ്ങിയത്.

നാസറിനെതിരെ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വൈക്കം ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ 28നു രാവിലെയാണു കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റില്‍ നാസര്‍ കെട്ടിപ്പിടിക്കുകയും വായും കഴുത്തും അമര്‍ത്തിപ്പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണു വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി.

പരിശീലന കേന്ദ്രത്തില്‍ ക്ലാസിനെത്തിയപ്പോഴാണു സംഭവമുണ്ടായതെന്നു പരാതിയിലുണ്ട്. ഇതിനുശേഷം പെണ്‍കുട്ടി തുടര്‍ച്ചയായി ക്ലാസില്‍ പോകാതായതിനെത്തുടര്‍ന്നു ചോദിച്ചപ്പോഴാണു സംഭവത്തെപ്പറ്റി അറിഞ്ഞതെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നത്.

പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണു പോക്‌സോ പ്രകാരം കേസെടുത്തിരുന്നത്. എറണാകുളം സെന്‍ട്രല്‍ സിഐ എ. അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം