വെട്ടി വീഴ്ത്തി കിണറ്റിലെറിഞ്ഞ രമേഷിനെ രക്ഷിക്കാന്‍ ശസ്ത്രക്രിയ ആറ് മണിക്കൂറിലധികം

 

കോഴിക്കോട്: വെട്ടി വീഴ്ത്തി കിണറ്റിലെറിഞ്ഞ രമേഷിനെ രക്ഷിക്കാന്‍ ശസ്ത്രക്രിയ ആറ് മണിക്കൂറിലധികം നീണ്ടു . യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയതിന് ശേഷം കുത്തിപ്പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. മുക്കത്തിനടുത്ത് പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശ് (42) നാണ് ചൊവ്വാഴ്ച രാത്രി കുത്തേറ്റത്. അര്‍ദ്ധരാത്രിക്കു ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്.

വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിളിച്ചിറക്കിയ ശേഷം കൃത്യം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി .ആറ് മണിക്കൂറിലധികം സമയമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കാരാളിപറമ്പ് അങ്ങാടിയിലെ സംഭവം നടന്നതായി കരുതുന്ന കടയില്‍ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. അങ്ങാടിയില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് രമേശിന്റെ വീട്. സ്ഥലത്ത് മുളക് പൊടി വിതറിയതായും കാണുന്നു. സംഭവസ്ഥലത്ത് നിന്ന്കുത്താനുപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. അങ്ങാടിക്ക് സമീപത്തെ കിണറില്‍ നിന്ന് രമേശിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ തെരഞ്ഞപ്പോഴാണ് തൊട്ടടുത്ത കിണറില്‍ അവശനിലയിലായ രമേശിനെ കണ്ടത്. ഉടന്‍ തന്നെ മുക്കം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇയാളെ കിണറില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫയര്‍മാന്‍ ഫസല്‍ അലിയാണ് ഗുരു തരാവസ്ഥയില്‍ കാണറ്റില്‍ കിടന്ന രമേശിനെ കിണറ്റിലിറങ്ങി കരക്കെത്തിച്ചത്.

ലീഡിംഗ് ഫയര്‍മാന്‍ ഓ.കെ.അശോകന്‍ നേതൃത്വം നല്‍കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും താമശ്ശേരി സി.ഐ.അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം