ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം; വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി:  ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണെന്ന്  രാഹുല്‍ ഈശ്വര്‍. സര്‍വ്വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് വൈക്കത്തെ വീട്ടില്‍ പോയതെന്നാണ് രാഹുല്‍ പറഞ്ഞത്.

പൊലീസുകാര്‍ വളരെ സൗഹാര്‍ദ്ദപരമായാണ് ഹാദിയയോടു പെരുമാറിയത്. ഹാദിയയുടെ ആശ്വാസത്തിനായി തടങ്കലില്‍ നിന്നും അവരെ പുറത്തുകൊണ്ടുവരാന്‍ വരെ പൊലീസ് തയ്യാറായിരുന്നെന്നു പറഞ്ഞ രാഹുല്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദം തെറ്റാണെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം ഹാദിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ കോടതി നീക്കിയിരുന്നു.

‘രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ തന്നെ കാണാനായി എത്തിയിരുന്നു. ഇസ്‌ലാം മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. തന്റെ അനുമതിയില്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയപ്പോള്‍ അച്ഛനും പൊലീസുകാരും കാഴ്ചക്കാരായി നോക്കിനിന്നു.’ എന്നായിരുന്നു ഹാദിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ഉന്നയിച്ച ആരോപണം.

ഹാദിയ വീട്ടുതടങ്കലില്‍ കഴിയുന്ന വേളയിലാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്.

ഹാദിയ എന്തുകൊണ്ട് മതംമാറിയെന്ന വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ് അവരെ സന്ദര്‍ശിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം